പേരാമ്പ്ര: വീട്ടമ്മയെ മർദ്ദിച്ചവശാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം. ആവള കുട്ടോത്ത് നിരയിൽ രതി (41)യാണ് ബന്ധുകൾ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം അഞ്ചിനാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
ഭർത്താവിന്റെ അകന്ന ബന്ധുവും അയാളുടെ ഭാര്യയും അക്രമിച്ചുവെന്നാണ് പരാതി. സംഭവ ദിവസം വൈകുന്നേരം അഞ്ചിന് ഇവർ വീട്ടിൽ അതിക്രമിച്ച് കയറുകയും ജോലിക്കു പോയി താൻ മടങ്ങി വീട്ടിൽ എത്തുന്നതുവരെ കാത്തു നിന്ന് തന്നെ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
മെഡിക്കൽ കോളജിൽഅഡ്മിറ്റ് ചെയ്ത ദിവസം മെഡിക്കൽ കോളജ് പോലീസ് വാർഡിൽ എത്തി മൊഴിയെടുത്തു. വിവരം മേപ്പയ്യൂർ പോലീസിന് കൈമാറിയതായി അവർ പറഞ്ഞു. എന്നാൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കൃത്യം നടന്നിട്ടും പോലീസ് അവഗണന കാണിച്ചതായി വീട്ടമ്മ ആരോപിച്ചു.
മേപ്പയ്യൂർ പോലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ 18 ന് വടകര റൂറൽ എസ്പിക്കു പരാതി സമർപ്പിച്ചതായി വീട്ടമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു.