കീഴ്ജീവനക്കാരായ പോലീസുകാരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നു എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അടുക്കളപ്പണി മുതല്‍ പട്ടിയെ കുളിപ്പിക്കല്‍ വരെയുള്ള ഒരുവിധപ്പെട്ട വീട്ടുജോലികളെല്ലാം പോലീസുകാരെക്കൊണ്ട് ചെയ്യിക്കുന്നതായി പലരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇക്കാര്യത്തില്‍ പലരില്‍ നിന്നും ഉയര്‍ന്നുവന്നത്.
എന്നാല്‍ നിലവിലുള്ളതിനേക്കാള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറിഞ്ഞതുപോലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ വീട്ടില്‍ അടിമപ്പണി ചെയ്യുന്ന പോലീസുകാരന് തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയതാണിത്.
അദ്ദേഹം തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുമില്ല. ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ ദാസ്യപ്പണി പോലെ വേറെ സുഖമുള്ള പോലീസ് പണി ഏതാണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു…ഒരു ദിവസം ജോലി, രണ്ടു ദിവസം വിശ്രമം. ടെന്‍ഷനോ പേടിയോ വേണ്ട. ഇത്രയും നല്ല ജോലി എവിടെ കിട്ടും. പോലീസുകാരനായിക്കൊണ്ടു തന്നെ ഇത്തരം വീട്ടുജോലി ചെയ്ത് വിശ്രമജീവിതം നയിക്കാന്‍ പറ്റുന്ന തരത്തിലുള്ള ജോലി ലഭിക്കാനും ഭാഗ്യം വേണമെന്നാണ് ഇദ്ദേഹം പറയുന്നത്.
അതിനും കാരണമുണ്ട്. അന്വേഷണത്തിന്റെ പുകിലോ കല്ലേറിന്റെ ഭീകരാന്തരീക്ഷമോ ഇല്ല. പകരം വീട്ടുജോലി ചെയ്തു വിശ്രമജീവിതം നയിക്കാന്‍ പറ്റും. മേലുദ്യോഗസ്ഥന്റെ ദാസ്യവേലയാണെങ്കിലും അവരോടൊപ്പം നിന്നാല്‍ ചിലപ്പോള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥനെ കാണാനെത്തുന്ന ഉന്നതരുമായി അടുപ്പമുണ്ടാക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്താല്‍ ലഭിക്കുന്ന ബന്ധങ്ങള്‍ എആര്‍ ക്യാംപില്‍ നിന്നു ലഭിക്കില്ല.
ജോലി ഇഷ്ടമാണെങ്കിലും ചിലരെ വലയ്ക്കുന്നത് ചില ഈഗോ പ്രശ്നങ്ങളാണ്. പലരും ബിഎ/ബിഎസ്സി , ബിഎഡ്, തുടങ്ങി ബിരുദാനന്തരബിരുദം വരെയുള്ളവരാണ്. അത്തരക്കാരെ സംബന്ധിച്ച് പോലീസിലാണ് ജോലിയെന്ന് പുറമേ പറയാമെങ്കിലും അവര്‍ സ്വയം പരിതപിക്കുകയാണ് ചെയ്യുക.
കാരണം ഇത്രയും യോഗ്യതകളുള്ള തനിക്ക് വീട്ടുപണിയാണല്ലോ ചെയ്യേണ്ടി വന്നതെന്നോര്ത്താണ് അത്. ഈ അപകര്‍ഷത കാരണം പിഎസ്സിയിലൂടെ മറ്റ് തസ്തികകളിലേയ്ക്ക് മാറാന്‍ ശ്രമിക്കുന്നവരും ഉണ്ട്.
ഇത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു പോലീസുകാരന്റെ ദിനചര്യ ഇപ്രകാരമായിരിക്കും….
രാവിലെ 8.00 മേലുദ്യോഗസ്ഥന്റെ ആ ദിവസത്തെ പരിപാടികള്‍ ഡയറിയില്‍
നോക്കി ക്രമം തിരിച്ച് കുറിപ്പാക്കി നല്‍കുക.
8.30 കുട്ടികളെ ഔദ്യോഗിക വാഹനത്തില്‍ സ്കൂളിലെത്തിക്കുക (കേന്ദ്രീയ
വിദ്യാലയമാണെങ്കില്‍ ഇതിലും നേരത്തേ)
9.30 പ്രഭാത ഭക്ഷണം (നല്ല ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്)
10.00 ‘മാഡം’ (മേലുദ്യോഗസ്ഥന്റെ ഭാര്യ) പറയുന്ന സാധനങ്ങള്‍ വാങ്ങി നല്‍കുക.
11.30 തയ്പ്പിക്കാനുള്ള വസ്ത്രങ്ങള്‍, ഡ്രൈ ക്ലീനിങ്ങിന് ഉള്ളവ
എന്നിവയുമായുള്ള പോക്ക്.
1.00 ഭക്ഷണം. വിശ്രമം.
3.30 കുട്ടികളെ സ്കൂളില്‍നിന്നു തിരിച്ചു വീട്ടിലെത്തിക്കുക. വരുന്ന
വഴിയില്‍ത്തന്നെ ‘ഡിന്നറി’നുള്ള കായ്കറികളോ മാംസമോ മത്സ്യമോ വാങ്ങണം.
5.00 മേലുദ്യോഗസ്ഥന്റെ കുട്ടികളുമായി വിനോദത്തില്‍ ഏര്‍പ്പെടുക (ഉദാ: ബോള്‍
ചെയ്തു കൊടുക്കുക ബാറ്റിങ്ങിന് ഒരിക്കലും അവസരമില്ല, ഗോളി നില്ക്കുക)
6.30 ഉദ്യോഗസ്ഥന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടി സര്‍ക്കാര്‍ വാഹനത്തില്‍
ഷോപ്പിങ്ങിന് അകമ്പടി പോവുക.
8.00 ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊണ്ട് സിനിമയ്ക്കു പോകല്‍
(അവധിദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും മാത്രം)