വലിയപറന്പ്: ആഴമേറിയ കവ്വായി കായലിൽ മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ്കടവിലെ തോണിയാത്രക്ക് സുരക്ഷിതത്വമേർപ്പെടുത്തുന്നതിൽ റവന്യു അധികൃതർക്ക് വീണ്ടും വീഴ്ച. ഇന്നലെയും കടവിൽ ഉപയോഗിച്ചത് ആർഡിഒ നിരോധിച്ച കടത്ത്തോണി.
തിങ്കളാഴ്ച വലിയപറന്പ് പഞ്ചായത്തിൽ ആർഡിഒ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമെടുക്കാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. നിലവിൽ നാട്ടുകാരെ കടത്തിക്കൊണ്ട് പോകുന്ന തോണി കഴിഞ്ഞ മാസം അപകടത്തിൽ പെട്ടതിനെത്തുടർന്നാണ് ഈ തോണിയിലെ കടത്ത് നിരോധിച്ചു തിങ്കളാഴ്ച വൈകുന്നേരം വീണ്ടും നോട്ടീസ് പതിച്ചത്. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് റവന്യു അധികൃതരും പഞ്ചായത്തും തയ്യാറായില്ല.
നിലവിലുള്ള തോണിക്ക് ഏഴായിരം രൂപയാണ് പഞ്ചായത്ത് വാടക നൽകുന്നത്. ഇവിടെ കടത്തിന് ഫിറ്റ്നസുള്ള തോണി നാട്ടുകാർ ഏർപ്പെടുത്തിയാൽ വാടക നൽകാൻ പഞ്ചായത്ത് തയ്യാറാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും തോണിക്ക് ആവശ്യമായ തുക ആര് നൽകും എന്നത് ആശങ്കയിലാണ്.
തൂക്കുപാലം തകർന്നപ്പോൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് നാട്ടുകാർക്ക് സൗജന്യ തോണിയാത്ര ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ അധികൃതർ ഇതിൽ നിന്നും പിൻമാറുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് , കന്നുവീട് കടപ്പുറം പ്രദേശത്തെ കുടുംബങ്ങൾ മറുകര പറ്റാൻ ഈ കടവിനെയാണ് ആശ്രയിക്കുന്നത്. ്രെപെമറി സ്കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെ യുളള നാല്പതോളം കുട്ടികൾ ഇവിടെ നിന്നും തോണിയിലാണ് മറുകര കടന്ന് വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്നത്.