കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരു ജനതയ്ക്ക് രുചി വിളന്പി തൃപ്തിപ്പെടുത്തിയതിന്റെ നൂറാം വാർഷികത്തിന്റെ നിറവിൽ ഒരു ഹോട്ടൽ. മറ്റൊരു ഭക്ഷണശാലകൾക്കും നേടാനാവാത്ത തിളക്കമാർന്ന നേട്ടം. കൊങ്ങിണിപ്പലഹാരത്തിന്റെ മാസ്മരികത കണ്ണൂരിന്റെ രുചിലോകത്ത് കൊണ്ടുവന്ന കോമളവിലാസം വെജിറ്റേറിയൻ ഹോട്ടൽ ശതാഭിഷേകത്തിന്റെ നിറവിലാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത ബല്ലാർഡ് റോഡ് മുഖകവാടത്തിലാണ് ഈ ഹോട്ടൽ. ഇവിടെ ഒരിക്കലെങ്കിലും കയറി ഭക്ഷണം കഴിക്കാത്തവർ നഗരത്തിൽ ചുരുക്കം. ആ ഹോട്ടൽ കണ്ണൂർ നഗരത്തിൽ ഭക്ഷണം വിളന്പിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു.1918 മെയ് 22 നാണ് കെ. നാഗേന്ദ്രപ്രഭു എന്നയാൾ കണ്ണൂരിൽ കൊങ്ങിണിപ്പലഹാരക്കട തുടങ്ങിയത്. അന്ന് നഗരത്തിൽ വിരലിലെണ്ണാവുന്ന നാടൻ പലഹാരകടകളും ഉൗണ് കടകളും മാത്രം.
അവയെല്ലാം പിന്നീട് ഇല്ലാതായെങ്കിലും നാഗേന്ദ്രപ്രഭു കണ്ണൂരിൽ സ്ഥാപിച്ച ഹോട്ടൽ ഇന്നും തുടരുന്നു. സിറ്റി പാലമഠത്തിന് സമീപമായിരുന്നു ആദ്യം കൊങ്ങിണിപ്പലഹാരക്കടയെന്ന പേരിൽ നാഗേന്ദ്ര പ്രഭു കട തുടങ്ങിയത്. കണ്ണൂരിലെ ഹോട്ടലുകളിൽ നിന്നും വ്യത്യസ്തമായ വിഭവങ്ങൾ ഈ നാടിന് പരിചയപ്പെടുത്തി.
ദോശയ്ക്കും ഇഡ്ഡലിക്കും പുട്ടിനും പകരം ഗോളിബജിയും കാരാറൊട്ടിയും, നീർദോശ, കേസരി, പൊങ്കൽ തുടങ്ങിയ വിവിധ ഗോവൻപലഹാരങ്ങൾ കഴിക്കാൻ കോമളവിലാസത്തിൽ ആൾക്കാരെത്തി. ഒപ്പം നാട്ടുപലഹാരങ്ങളും. കൊങ്ങിണിപ്പലഹാരങ്ങൾക്കുമൊപ്പം വെജിറ്റേറിയൻ ഉൗണിനും ഹോട്ടലിൽ തിരക്കേറി.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ സ്ഥാനംപിടിച്ച ഹോട്ടൽകൂടിയാണ് കോമളവിലാസ്. കേരളഗാന്ധി കെ. കേളപ്പനടക്കമുള്ള സ്വാതന്ത്ര്യസമര ഭടൻമാർ ഈ ഹോട്ടലിൽ ഒത്തുചേരാറുണ്ടായിരുന്നു. സൗജന്യ ഭക്ഷണവും വിശ്രമിക്കാൻ സൗകര്യവും നൽകി ഇവിടെ സ്വാതന്ത്ര്യ ഭടൻമാരെ ആദരിച്ച മഹത്തായ പാരന്പര്യവും കോമളവിലാസിനുണ്ട്.
ഇതിന്റെ ശേഷിപ്പായി ഒരു ഫോട്ടോ ഹോട്ടലിൽ തൂക്കിയിരിക്കുന്നു. സത്യാഗ്രഹ ബാഡ്ജ് ധരിച്ച ഹോട്ടൽ തൊഴിലാളികളും ഉടമ കേശവ പ്രഭുവും കുടുംബാംഗങ്ങളും ചേർന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ ഒളിമങ്ങാത്ത ഓർമ്മച്ചിത്രമായി ഇവിടെയുണ്ട്.
നൂറാംപിറന്നാൾ ആഘോഷിക്കുന്ന വേളയിൽ കേശവപ്രഭുവിന്റെ മകൻ ഹരിദാസ് പ്രഭു ഹോട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ അന്പതാം വാർഷികംകൂടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഗീത പ്രഭുവാണ് പാചകശാലയുടെ മേൽനോട്ടം വഹിക്കുന്നത്.
മാർക്കറ്റിംഗിൽ എംബിഎയും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദവും നേടിയിട്ടുള്ള ഇവരുടെ മകൻ ജയന്ത് എച്ച്. പ്രഭുവാണ് ഇപ്പോൾ ഹോട്ടലിൽ സജീവ പങ്കാളിത്വം വഹിക്കുന്നത്. ഒരു വെജിറ്റേറിയൻ ഹോട്ടൽ നാലാംതലമുറയിലെത്തി ജൻമശതാബ്ദി ആഘോഷിക്കുന്പോൾ അത് കണ്ണൂരിന്റെ മാത്രമല്ല, ഒരു നാടിന്റെയാകെ ഭക്ഷണ സൽക്കാരപെരുമയുടെ ചരിത്രത്തിൽ ഇടംനേടുമെന്നതിൽ സംശയമില്ല.