തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പുനഃപരിശോധിക്കുന്നതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
ഈ സർക്കാരിൻറെ കാലത്ത് അഞ്ചു സ്ഥാപനങ്ങളിൽകൂടി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. ഏപ്രിൽ വരെ ജീവനക്കാരുടെ വിഹിതവും തത്തുല്യ സർക്കാർ വിഹിതവും ചേർത്ത് ആകെ 908 കോടി രൂപയാണു പദ്ധതി പ്രകാരം അടയ്ക്കേണ്ടത്.
പദ്ധതി ആരംഭിച്ച 2013 ഏപ്രിൽ മുതൽ പദ്ധതിയിൽ ഉൾപ്പെട്ട ഓരോ ജീവനക്കാരന്റെയും പെൻഷൻ അക്കൗണ്ടിലേക്കു ജീവനക്കാരന്റെ അടിസ്ഥാനശന്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനവും തത്തുല്യ സർക്കാർ വിഹിതവും ചേർന്ന തുകയാണ് പ്രതിമാസം അടയ്ക്കേണ്ടത്.
മാർച്ച് വരെ 89,764 ജീവനക്കാർ എൻപിഎസ് പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. ഇതിൽ 70,257 പേർ സർക്കാർ ജീവനക്കാരാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ജീവനക്കാരുടെ പെൻഷനു മാസം തോറും 1645 കോടി രൂപയും വിവിധ ക്ഷേമ പെൻഷനുകൾക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.