വാട്സ്ആപ്പിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ എൻജിനിയറിംഗ് വിദ്യാർഥിക്ക് ഫേസ്ബുക്കിന്റെ ആദരവും കാഷ് അവാർഡും. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളജ് നാലാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് വിദ്യാർഥി പ്രതീഷ് പി. നാരായണനാണ് ഹാൾ ഓഫ് ഫെയിം അംഗീകാരവും, പാരിതോഷികമായി 500 ഡോളറും ലഭിച്ചത്.
വാട്സ്ആപ് ചാറ്റ് വഴി അയയ്ക്കുന്ന കോണ്ടാക്ട് ഫയലുകളുപയോഗിച്ച് മറ്റൊരു വ്യക്തിയുടെ ഫോണിനെ പ്രവർത്തനരഹിതമാക്കാൻ സാങ്കേതിക വിദഗ്ധനായ ഒരു കുറ്റവാളിക്ക് സാധിക്കുമെന്നാണ് പ്രതീഷ് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
ഇതു സംബന്ധിച്ച വിവരം ഫേസ്ബുക്ക് അധികൃതരെ പ്രതീഷ് അറിയിച്ചെങ്കിലും, രണ്ടു മാസമെടുത്താണ് ഫേസ്ബുക്ക് അധികൃതർ പ്രശ്നം പരിഹരിച്ചത്. വാട്സ്ആപ്പിലെ ഗ്രൂപ്പുകൾ വഴി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചതിനു കോഴിക്കോട്ട് യുവാക്കൾ പിടിയിലായിരുന്നു.
വാട്സ്ആപ് ഗ്രൂപ്പുകളെ കൈയടക്കാൻ ഗ്രൂപ്പ് അഡ്മിന്മാരെ വരുതിയിലാക്കാൻ കുറ്റവാളികൾ ഉപയോഗപ്പെടുത്തിയത് വാട്സ്ആപ്പിലെ ഈ സുരക്ഷാപ്പിഴവാണെന്നാണ് പ്രതീഷ് വ്യക്തമാക്കുന്നത്.
വാട്സ്ആപ് അഡ്മിനുകൾക്ക് പ്രശ്നക്കാരായ കോണ്ടാക്ടുകൾ അയച്ച് അവരുടെ ഫോണുകളെ തകരാറിലാക്കി നിർത്തുന്നതാണ് രീതി. ഇതു സംബന്ധിച്ച വിവരണങ്ങളോടുകൂടിയ വീഡിയോ തയാറാക്കി അയച്ചെങ്കിലും തകരാർ കണ്ടെത്താൻ ഫേസ്ബുക്കിന് കഴിഞ്ഞില്ല.
അവസാനഘട്ടത്തിൽ ഫേസ്ബുക്ക് വിദഗ്ധരുമായി ചാറ്റ് ചെയ്ത് സമാനമായ കോണ്ടാക്ടുകൾ അയച്ചു നല്കിയതോടെ ഫേസ്ബുക്ക് സുരക്ഷാ അംഗത്തിന്റെ ഫോണ് നിശ്ചലമാവുകയായിരുന്നു.
ഇതോടെയാണ് സുരക്ഷാപ്രശ്നം ബോധ്യപ്പെട്ടത്. നേരത്തെ രണ്ടു തവണ ഗൂഗിളിന്റെ അംഗീകാരവും പ്രതീഷിന് ലഭിച്ചിട്ടുണ്ട്. എറണാകുളം മരട് പ്രജിത് വിഹാറിൽ എം. പ്രകാശിന്റേയും ജ്യോതിയുടേയും മകനാണ് പ്രതീഷ്.