തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നഷ്ടമായ ചെറിയാൻ ഫിലിപ്പിനെ സർക്കാരിന്റെ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോണ്ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ ചെറിയാൻ ഫിലിപ്പിന് പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഒരു പദവിയും നൽകിയിരുന്നില്ല.
നിലവിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ചെറിയാൻ ഫിലിപ്പിനു ലഭിക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു. സർക്കാരിന്റെ ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നീ നാലു മിഷനുകളുടെ കോ- ഓർഡിനേറ്ററായാണു ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ വി.എസ്. സർക്കാരിന്റെ കാലത്തു കെടിഡിസി ചെയർമാനായിരുന്നു ചെറിയാൻ ഫിലിപ്പ്.
ടൂറിസം സെക്രട്ടറി റാണി ജോർജിന് സഹകരണ വകുപ്പു സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി. സഹകരണ സ്പെഷൽ സെക്രട്ടറിയായിരുന്നു പി. വേണുഗോപാലിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പു സെക്രട്ടറിയുടെ പൂർണ ചുമതലയും നൽകി.