കടുത്തുരുത്തി: ലോഡുമായി ഇറക്കം ഇറങ്ങുകയായിരുന്ന ടെന്പോയുടെ ടയർ ഉൗരിത്തെറിച്ച് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതി ടയർ ഉരുണ്ട് വരുന്നത് കണ്ട് ചാടി മാറിയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു.
വണ്ടിയിൽ നിന്നും വിട്ടകന്ന് ഇറക്കത്തിലൂടെ ഓടിയ ടയർ യുവതിയെ ഉരസി കടന്നു പോയി എതിരെ വന്ന എയിസിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലാണ് അപകടം. മങ്ങാട് ആരിശ്ശേരിൽ ജിൻസിയാണ് അപകടത്തിൽ നിന്നും രക്ഷപെട്ടത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്പോളാണ് ഇറക്കത്തിലൂടെ ടയർ ഉരുണ്ട് വരുന്നത് ജിൻസി കാണുന്നത്. ഉടൻതന്നെ ജിൻസി ചാടി മാറൂകയായിരുന്നു.
ടയർ വന്നിടിച്ചു എയ്സിന്റെ മുൻവശം തകർന്നു. നട്ടാശ്ശേരിയിൽ നിന്നും എച്ച്എൻഎല്ലിലേക്കു പേപ്പറുമായി പോവുകയായിരുന്ന ടെന്പോയാണ് അപകടത്തിൽപെട്ടത്. കടുത്തുരുത്തി ടൗണിലേക്ക് ഇറക്കം ഇറങ്ങുന്നതിനിടെയാണ് വണ്ടിയുടെ പുറകുവശത്തെ ടയറുകളിലൊന്ന് ബോൾട്ട് ഉൗരി പോയതോടെ വീലിൽ നിന്നും വിട്ടുമാറി റോഡിലേക്ക് ഉരുണ്ടത്.
വാഹനത്തിന്റെ ഒരു വീൽ പൊട്ടിയ നിലയിലാണ്. വാഹനം ഇറക്കം ഇറങ്ങി വരുന്പോൾ എതിർദിശയിലൂടെ ജീപ്പിൽ കടന്നുപോയ കടുത്തുരുത്തി പോലീസ് ടെന്പോയുടെ വരവിൽ പന്തികേട് തോന്നി നിർത്താൻ ആവശ്യപെട്ടിരുന്നു.
പോലീസ് കൈ കാണിച്ചതിനെ തുടർന്ന് ടെന്പോ ബ്രേക്കിട്ട് നിർത്തുന്നതിനിടെയാണ് ടയർ ഉൗരി തെറിച്ചത്.ഇതു അപകടത്തിന്റെ തീവ്രത കുറച്ചു. വൈകുന്നേരമായതിനാൽ ടൗണിൽ ജനത്തിരക്കുള്ള സമയമായിരുന്നു.