സ്വന്തം ലേഖകൻ
തൃശൂർ: ഖത്തർ രാജകുടുംബത്തിന്റെ വ്യാജ ഇ മെയിൽ വഴി കോടികൾ തട്ടിപ്പ് നടത്തിയ കൊടുങ്ങല്ലൂർ സ്വദേശി സുനിൽ മേനോന്റെ വിദേശബന്ധങ്ങൾ പോലീസ് അന്വേഷിക്കും. കേരളത്തിലോ ഖത്തറിലോ ആരെങ്കിലും ഇയാളെ ഈ തട്ടിപ്പിനു സഹായിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് വിശദമായി പരിശോധിക്കും.
കോടികൾ തട്ടിയെടുത്ത സുനിൽമേനോനെ കാണാൻ ഖത്തറിൽനിന്ന് അധികൃതർ കേരളത്തിലെത്തുമെന്നു സൂചനയുണ്ട്. എന്നാൽ, സുനിലിനെ ഖത്തർ അധികൃതർക്കു കൈമാറേണ്ടതില്ല. തട്ടിപ്പു നടത്തിയതു കേരളത്തിൽ വച്ചായതിനാൽ ഇയാളെ കേരള പോലീസ് തന്നെയാണ് കസ്റ്റഡിയിൽ വയ്ക്കുക. ഖത്തർ രാജകുടുംബാംഗങ്ങൾക്ക് ഇയാളെ കാണാൻ താത്പര്യമുണ്ടെന്നു സൂചനയുണ്ട്.
തങ്ങളുടെ ഇ മെയിലിൽ നുഴഞ്ഞുകയറിയ ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഖത്തർ രാജകുടുംബം ഖത്തറിലെ ഐടി വിഭാഗത്തിനു കർശന നിർദേശം നൽകിയിട്ടുണ്ട്.കേരള പോലീസും ഇയാളെക്കുറിച്ചുള്ള അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ വേറെ കേസുകളൊന്നും ഇതുവരെയും അറിവായിട്ടില്ലെങ്കിലും ഏതെങ്കിലും തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും. സുനിലിൽനിന്ന് പണം തിരികെ ഈടാക്കാനുള്ള നടപടികളും ഖത്തർ അധികൃതർ സ്വീകരിക്കും. ലഭിച്ച പണത്തിൽ കുറെയേറെ ഇയാൾ ചെലവഴിച്ചതിനാൽ തിരിച്ചടവ് എളുപ്പമായിരിക്കില്ല.
ഖത്തർ അമീറിന്റെ പൂർണകായചിത്രം ലോകത്തെ വിഖ്യാതചിത്രകാരൻമാരെക്കൊണ്ട് വരച്ചുനൽകാമെന്ന് വാഗ്ദാനംചെയ്ത് അഞ്ചുകോടി രൂപയാണ് കൊടുങ്ങല്ലൂർ ശാന്തിപുരത്ത് താമസിക്കുന്ന മുളയ്ക്കൽ സുനിൽ മേനോൻ (47) തട്ടിയെടുത്തത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ എറണാകുളത്തുനിന്നാണ് ഇയാളെ കൊടുങ്ങല്ലൂർ സിഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഖത്തർ ഭരണാധികാരിയായ ഷേഖ് തമീം ബിൻ അൽത്താനിയുടെ 10 പൂർണകായ ചിത്രങ്ങൾ തുകൽമാറ്റിൽ ഗോൾഡ്, കോപ്പർ ഫ്രെയിമുകളിൽ ലോക പ്രശസ്തരായ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചുനല്കാമെന്ന് ഖത്തർ മ്യൂസിയത്തിന്റെ ചെയർപേഴ്സണായ ഖത്തർ രാജാവിന്റെ സഹോദരിയുടെ പേരിൽ ഇമെയിൽ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
അമേരിക്കയിലെ ഓണ്ലൈൻ ബിസിനസ് കന്പനി എന്ന പേരിൽ വ്യാജ വിലാസം ഉണ്ടാക്കി അമീറിന്റെ ചിത്രങ്ങൾ വരച്ചുനൽകാമെന്ന കരാർ മ്യൂസിയത്തിന്റെ ചെയർപേഴ്സന്റെ വ്യാജ ഇമെയിൽ അഡ്രസിലൂടെ ഇയാൾ മ്യൂസിയം അധികൃതർക്കു നല്കുകയായിരുന്നു. 10 കോടി 10 ലക്ഷം രൂപയ്ക്കായിരുന്നു കരാർ.
രാജകുടുംബത്തിന്റെ സന്ദേശമാണ് എന്നു തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതർ അഡ്വാൻസ് തുകയായി അഞ്ചുകോടി അഞ്ചുലക്ഷം രൂപ സുനിൽ മേനോന്റെ പേരിൽ കൊടുങ്ങല്ലൂരിലെ എസ്ബിഐ ബാങ്കിലേക്കു ട്രാൻസ്ഫർ ചെയ്തുനല്കി.
പിന്നീട് മ്യൂസിയം അധികൃതർ ഖത്തറിൽനിന്ന് ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവുമുണ്ടായില്ല. തട്ടിപ്പ് നടന്നെന്നു മനസിലായതിനെ തുടർന്ന് ഖത്തർ അധികൃതർ ഇയാൾക്കെതിരെ നടപടികൾ ആരംഭിച്ചു.
ഖത്തർ മ്യൂസിയം ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷെഫീക്ക് കേരള പോലീസിനു നൽകിയ പരാതിയെതുടർന്നാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്.
എസ്ഐ എസ്.വിനോദ്കുമാർ, എഎസ്ഐ ഫ്രാൻസിസ്, സീനിയർ സിപിഒമാരായ സജ്ജയൻ, സുനിൽ, മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, ഷിബു, സിപിഒമാരായ ഗോപൻ, ഇ.എസ്.ജീവൻ, മനോജ്, സുജിത്ത്, ജിതിൻ ജോയ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അഭിനന്ദിച്ചും പഴിച്ചും സോഷ്യൽ മീഡിയ
ഖത്തർ രാജകുടുംബത്തിന് എട്ടിന്റെ പണി കൊടുത്ത മലയാളിയെ അഭിനന്ദിക്കുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്രയേറെ സുരക്ഷാസംവിധാനങ്ങളുള്ള ഖത്തർ പോലുള്ള രാജ്യത്തുനിന്നും കോടികൾ വളരെ എളുപ്പത്തിൽ തട്ടിയെടുത്ത് സുഖിച്ചു ജീവിച്ച ഈ വിരുതൻ മിടുക്കൻതന്നെ എന്നാണ് പല പോസ്റ്റുകളിലും പറയുന്നത്. പ്രവാസി മലയാളികൾക്കു മുഴുവൻ ഇയാൾ നാണക്കേടായി എന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിലുണ്ട്.