എംജെ ശ്രീജിത്ത്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്‍വീനർ എന്നിവരെ എത്രയും വേഗം നിയമിക്കണമെന്ന് ഉമ്മൻചാണ്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ സംഘടനാ നേതൃത്വം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ അധ്യക്ഷനും കണ്‍വീനറും എത്രയും വേഗം വരണമെന്നും ഇനിയും തീരുമാനം നീട്ടികൊണ്ടു പോകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ഡൽഹിയിലുള്ള ഉമ്മൻചാണ്ടി എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധിയേയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾവാസ്നിക്കിനേയും നേരിൽ കണ്ടാണ് ആവശ്യം ഉന്നയിച്ചത്.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായിരിക്കുന്ന വക്പോരും നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കങ്ങൾ ചർച്ചയായി. പി.ജെ കുര്യനും വി.എം സുധീരനും തനിയ്ക്കെതിരെ ഉയർത്തിയ വിമർശങ്ങളും തന്നെ പൊതു സമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഉമ്മൻചാണ്ടി ഹൈക്കമാന്റ് വൃത്തങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ സംഘടനയിൽ വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നതെന്ന സൂചനയെന്നാണ് ഉമ്മൻചാണ്ടിയ്ക്ക് പാർട്ടി നേതൃത്വം കൈമാറിയിരിക്കുന്നത്. ഹൈക്കമാൻഡ് നിർദ്ദേശം ഉണ്ടായിട്ടും നേതാക്കൾ തമ്മിലുള്ള വാക്പോര് തുടരുന്നതിലെ അതൃപ്തി ഉമ്മൻചാണ്ടിയെ നേതൃത്വം അറിയിച്ചിട്ടുണ്ട്.
നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി നയിക്കാനും പുതിയ നേതൃത്വം ഉടൻ വരണമെന്ന ഉമ്മൻചാണ്ടിയുടെ ആവശ്യത്തെ രാഹുൽ അംഗീകരിക്കുകയും ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന നൽകുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുല്ലപ്പള്ളി രാമചന്ദ്രനേയും യു.ഡി.എഫ് കണ്‍വീനർ സ്ഥാനത്തേയ്ക്ക് കെ മുരളീധരനേയും എം.എ ഹസനേയുമാണ് പ്രധാനമായും പരിഗണിക്കുന്നത്.
ആരുടേയും പേര് ചർച്ചയിൽ ഉമ്മൻചാണ്ടി മുന്നോട്ടു വച്ചിട്ടില്ലെന്ന വിവരമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നത്. ആന്ധ്രാ പ്രദേശിലെ നേതാക്കളുമായുള്ള ചർച്ചയ്ക്കാണ് ഉമ്മൻചാണ്ടി ഡൽഹിയ്ക്ക് പോയതെങ്കിലും കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ സംബന്ധിച്ച് ഹൈക്കമാന്റുമായി ചർച്ച നടത്തുകയായിരുന്നു.