എല്ലാ പുരുഷന്മാരെയും മോശക്കാരാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല! സ്ത്രീ കേന്ദ്രീകൃതമായ സിനിമകള്‍ ഉണ്ടാകുന്നില്ലെന്നും സമ്മതിക്കില്ല; തന്റെ ഫെമിനിസമെന്തെന്ന് വ്യക്തമാക്കി നസ്രിയ നസീം

അടുത്ത കാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കാണ് ഫെമിനിസം. മലയാള സിനിമാ ലോകത്തു നിന്നാണ് ആ ചര്‍ച്ചയ്ക്ക് തുടക്കമായത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുകയും അതിനുശേഷം സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പരാതികള്‍ പരിഹരിക്കാനുമെന്ന രീതിയില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉണ്ടാവുകയും പിന്നീട് ചില നടിമാര്‍ ചില പ്രസ്താവനകള്‍ ഇറക്കുകയും എല്ലാം ചെയ്തതോടെ ഫെമിനിസം എന്ന വാക്കിന് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്തു.

കുറേപ്പേരൊക്കെ സംഘടനയോടൊപ്പം നിന്നെങ്കിലും ഇതില്‍ അംഗങ്ങളാകാത്തവരും വിട്ടുനില്‍ക്കുന്നവരുമാണ് കൂടുതല്‍. പലരും സംഘടനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മലയാള സിനിമാ നടിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നസ്രിയ നസീം ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നു. രണ്ടാം വരവിനൊരുങ്ങുന്ന നസ്രിയ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യുസിസിയുമായി സഹകരിക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് നസ്രിയയുടെ പ്രതികരണം. നസ്രിയയുടെ വാക്കുകളിങ്ങനെ…

‘ആരും എന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. ഞാന്‍ ഫെമിനിസത്തെക്കുറിച്ച് ചിന്തിക്കാന്‍ മാത്രം മുതിര്‍ന്നെന്ന് അവര്‍ കരുതുന്നുണ്ടാവില്ല. പക്ഷേ ഫെമിനിസത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എന്റെ ഫെമിനിസം സമത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അല്ലാതെ മുഴുവന്‍ പുരുഷന്മാരെയും മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല’

പാര്‍വതി ഷൂട്ടിംഗിനായി വന്നപ്പോള്‍ എല്ലാവരും അവരെ സപ്പോര്‍ട്ട് ചെയ്ത് ഒപ്പമുണ്ടായിരുന്നു. അവള്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടതാണ്. ചില ആളുകള്‍ അവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിക്കും. മറ്റുള്ളവരാകട്ടെ അവരുടെ അഭിപ്രായങ്ങളില്‍ തന്നെ മുറുകെപിടിച്ചു നില്‍ക്കും. സിനിമ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്.

ചില ചിത്രങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. എല്ലാ സിനിമകളുമല്ല വളരെ കുറച്ച് ചിത്രങ്ങള്‍. എന്നാല്‍ ഇന്നത്തെ കാലത്ത് തനിക്ക് മോശമായ ഡയലോഗുകള്‍ പറയാന്‍ സാധിക്കില്ലെന്ന് സംവിധായകന്റെ മുഖത്തുനോക്കി പറയാന്‍ നടിക്ക് അവസരമുണ്ട്. ഇതാണ് ഒരു വഴി. അല്ലെങ്കില്‍ അവര്‍ ആ ചിത്രം ചെയ്യുന്നില്ലെന്ന് വെക്കണം’ നസ്രിയ പറഞ്ഞു.

സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ഇവിടെയുണ്ടാകുന്നില്ല എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. ടേക്ക് ഓഫ്, മിലി എന്നീ ചിത്രങ്ങള്‍ നോക്കൂ. നടന്മാര്‍ ആ ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കുന്നു അത്രമാത്രം. പ്രധാന്യം നടിമാര്‍ക്കു തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ തീരെ കുറവാണല്ലോ എന്ന് നിങ്ങള്‍ സംശയിക്കുമായിരിക്കും എന്നാല്‍ ഇന്ന് നടന്‍ എല്ലാ സിനിമകളിലും ഹീറോയുമല്ല എന്ന കാര്യം ഓര്‍ക്കണം.

Related posts