കോട്ടയം: ചിട്ടി തട്ടിപ്പ് നടത്തി സ്ഥാപന ഉടമ മുങ്ങിയതായി പരാതി. നഗരത്തിലെ കുന്നത്തുകളത്തിൽ ചിട്ടി സ്ഥാപനത്തിനെതിരെയാണു പരാതി ഉയർന്നിരിക്കുന്നത്. നിരവധി പേരിൽനിന്നു നിക്ഷേപം സ്വീകരിച്ചശേഷം ചിട്ടി സ്ഥാപന ഉടമ മുങ്ങിയെന്നു കാണിച്ചാണു നിക്ഷേപകർ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുന്നത്തുകളത്തിൽ ജ്വല്ലറിയുടെ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്. ജ്വല്ലറിയുടെ തിരുവല്ല ഷോറൂം നാളുകൾക്കു മുന്പേ അടച്ചുപൂട്ടിയിരുന്നു.
ചിട്ടിസ്ഥാപന ഉടമ മുങ്ങിയതായി വാർത്ത പരന്നതോടെ ഇന്നു രാവിലെ മുതൽ കുന്നത്തുകളത്തിൽ ജ്വല്ലറിക്കും ചിട്ടിസ്ഥാപനത്തിനും മുന്നിൽ ഇടപാടുകാരായ നിരവധി പേർ തടിച്ചുകൂടിയിരുന്നു. കോട്ടയം പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അവരിൽ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തു.
ചിട്ടിസ്ഥാപന ഉടമ കോടതിയിൽ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്കിയശേഷം മുങ്ങിയിരിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു. ഇടപാടുകരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.