മോസ്കോ: റഷ്യയിൽ എത്തിയിരിക്കുന്ന ഫുട്ബോൾ താരങ്ങളിൽ നിന്നും ഗർഭം ധരിച്ചാൽ ആജീവനാന്തം വോപ്പേഴ്സ് ചോക്ലേറ്റ് സമ്മാനമായി നൽകുമെന്ന പരസ്യം പിൻവലിച്ച് ബർഗർ കിംഗ് കന്പനി മാപ്പ് പറഞ്ഞു.
പരസ്യത്തിനെതിരേ റഷ്യയിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നതോടെയാണ് മാപ്പ് പറഞ്ഞ് കന്പനി തലയൂരിയത്. കന്പനിയുടെ പരസ്യം റഷ്യൻ വനിതകളെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിമർശനം.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബർഗർ കിംഗ് എന്ന ആഗോള ഭക്ഷണ ശൃംഖല ലോകകപ്പ് തുടങ്ങിയതിന് പിന്നാലെയാണ് വിവാദമായ പരസ്യവുമായി രംഗത്തുവന്നത്. റഷ്യയിൽ മികച്ച ഫുട്ബോൾ തുടർച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകൾ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരിൽ നിന്നും ഗർഭം ധരിക്കണമെന്നും ഇങ്ങനെ ഗർഭം ധരിക്കുന്നവർക്ക് കന്പനിയുടെ ബർഗറും വോപ്പേഴ്സ് ചോക്ലേറ്റും ആജീവനാന്തം സമ്മാനമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മൂന്ന് മില്യണ്‍ റഷ്യൻ റൂബിളും കന്പനി സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് സംഭവം വിവാദമായത്. ലിംഗ ഭേദമന്യേ പരസ്യത്തിനെതിരേ ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയതോടെ കന്പനി ബുധനാഴ്ച മാപ്പപേക്ഷയുമായി രംഗത്തുവന്നു. തെറ്റായ രീതിയിലുള്ള പരസ്യം നൽകിയതിൽ ഖേദിക്കുന്നുവെന്നായിരുന്നു കന്പനിയുടെ വിശദീകരണം.
തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ പരസ്യമാണ് പുറത്തുവന്നതെന്നും ഇത്തരം സംഭവം ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കന്പനിയുടെ മാപ്പപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ബർഗർ കിംഗ് സമാനമായ പരസ്യ വിവാദത്തിൽ പെട്ടിരുന്നു. പീഡനത്തിനിരയായ 17 വയസുകാരിയുടെ ചിത്രം തെറ്റായ രീതിയിൽ ഉപയോഗിച്ച് പരസ്യം നിർമിച്ചതാണ് കഴിഞ്ഞ ഫെബ്രുവരിയിൽ വിവാദമായത്. മാപ്പ് പറഞ്ഞ് ഈ വിവാദത്തിൽ നിന്നും ബർഗർ കിംഗ് തടിയൂരുകയായിരുന്നു.