മാഹി: മാഹി -പന്തക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന സഹകരണ മേഖലയിലെ മാഹി ട്രാൻസ്പോർട്ട് ബസുകൾ വിദ്യാർഥികളുടെ നിരക്ക് വർദ്ധിപ്പിച്ച തീരുമാനത്തോടെ ഇന്ന് രാവിലെ മുതൽ ഓടിത്തുടങ്ങി. കഴിഞ്ഞ 13 ന് ബസുകൾ എൻഎസ്യു പ്രവർത്തകർ ചാർജ് വർദ്ധനയെ തുടർന്ന് തടഞ്ഞതു മുതൽ എട്ടു ദിവസമായി ഓട്ടം നിർത്തി വച്ചിരുന്നു.
ഒരു രൂപയിൽ നിന്ന് രണ്ടു രൂപയാക്കി സഹകരണ ബസുകൾ മാത്രം ചാർജ് വർധിപ്പിച്ചതോടെയാണ് വിദ്യാർഥികൾ ബസ് തടഞ്ഞത്. എന്നാൽ ഇതേ റൂട്ടിൽ ഓടുന്ന പുതുച്ചേരി സർക്കാറിന്റെ പിആർടിസി ബസുകൾ ഒരു രൂപ തന്നെയാണ് ഈടാക്കിയിരുന്നത്.
പിആർടിസി ബസുകളും ഉടൻ വിദ്യാർഥികളുടെ യാത്രാക്കൂലി വർദ്ധിപ്പിക്കുവാൻ തീരുമാനമെടുക്കുന്നതായാണ് സൂചന. ഇന്നലെ റീജിയണൽ അഡ്മിനിസ്ട്രേറ്റർ എസ്.മാണിക്ക ദീപൻ വിളിച്ച ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്.
രാഷ്ട്രീയ പാർട്ടി നേതാക്കളായ വടക്കൻ ജനാർദ്ദനൻ, സുനിൽ കുമാർ ,കെ.മോഹനൻ, ബഷീർ ഹാജി, രാജീവൻ, ഭാസ്കരൻ എന്നിവരും എസ്എഫ്ഐ, എൻഎസ്യു പ്രതിനിധികൾ, മാഹി വെഹിക്കിൾ ഇൻസ് പെക്ടർ, സഹകരണ ബസ് മാനേജർ കെ.കെ. അനിൽ കുമാർ, സുരേഷ്, മാഹി എസ്ഐ, വി ബൽകുമാർ എന്നിവരും പങ്കെടുത്തു.
എന്നാൽ വിദ്യാർഥി സംഘടനകൾ ചാർജ് വർദ്ധനയിൽ തൃപ്തരല്ലെന്നും, സ്റ്റേജ് നിർണയം ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട് – ചില സംഘടനകൾ വീണ്ടും ബസുകൾ തടയുമെന്ന സാഹചര്യത്തിൽ ബസുകളുടെ ഓട്ടം പോലീസ് നിരീക്ഷണത്തിലായിരിക്കും