കോട്ടയം: തിരുനക്കര മൈതാനത്തെ ചുവർ ചിത്രകലകൾ മാഞ്ഞു. മൈതാനത്തിന്റെ രണ്ടു പ്രവേശന കവാടങ്ങളിൽ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് ചുവർചിത്ര രചന നടത്തിയത്. ഏതാനും വർഷം മുൻപ് നടത്തിയ ചുവർചിത്രങ്ങൾ വെയിലും മഴയുമേറ്റ് നശിച്ചിരിക്കുകയാണ്.
ചിത്രങ്ങൾ സംരക്ഷിക്കാനോ ചെളിയും കരിയും പിടിച്ച് മാഞ്ഞ ചിത്രങ്ങൾ പുനരാവിഷ്കരിക്കാനോ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഇടയ്ക്ക് ചിത്രങ്ങൾക്കു മുകളിൽ പെയിന്റ് പൂശി മായിച്ചതും വിവാദമായിരുന്നു. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് കോട്ടയത്തെ ചുവർചിത്ര നഗരമാക്കിയത്.
ചുവർചിത്ര നഗരമായി പ്രഖ്യാപിച്ച ഘട്ടത്തിൽ ഇവ സംരക്ഷിക്കുന്നിന് നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. സംരക്ഷിക്കുമെന്ന ഉറപ്പാണ് അന്ന് നഗരസഭാ അധികൃതർ നല്കിയത്. പിന്നീട് ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്.
ലക്ഷങ്ങളുടെ സർക്കാർ ഫണ്ട് ചിത്രരചനയ്ക്കായി ചെലവഴിച്ചതാണ്. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചുവർചിത്രങ്ങൾ വരച്ചിരുന്നു.