പത്തനംതിട്ട: നഗരസഭ ബസ്സ്റ്റാന്‍ഡിലെ ശോച്യാവസ്ഥയിൽ വനിതാ കമ്മീഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനുശേഷം കമ്മീഷന് അംഗം ഷാഹിദ കമാലും ഉദ്യോഗസ്ഥരും നഗരസഭ ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചിരുന്നു.
ബസ്സ്റ്റാന്‍ഡിലെ ശുചിമുറികള്‍ കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് സംബന്ധിച്ച മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് കമ്മീഷന് ബസ്സ്റ്റാന്‍ഡ് സന്ദര്‍ശിച്ചത്. ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പണം നല്‍കണമെന്ന നിബന്ധന ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ്.
മുന്‍കാലങ്ങളില്‍ സൗജന്യമായി ജീവനക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൗകര്യം പിന്‍വലിച്ചു. ജോലിക്കെത്തുന്ന ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പണം നല്‍കണമെന്ന അവസ്ഥ അനീതിയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്കി. ഏറെ വൃത്തിഹീനമായിട്ടാണ് ശുചിമുറികള്‍ കാണപ്പെട്ടത്. ഇത് പരിഹരിക്കുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. ശബരിമല തീർഥാടനകാലത്തിനു പുറമേ എല്ലാ മലയാള മാസവും ഒന്നു മുതല്‍ അഞ്ച് വരെ തീര്‍ഥാടകര്‍ ധാരാളമായി ബസ് സ്റ്റാന്‍ഡില്‍ എത്താറുണ്ട്.
തീർഥാടനകാലത്തിലൊഴികെ ഒരു സമയത്തും ആവശ്യത്തിന് വെളിച്ചമോ മറ്റ് സൗകര്യങ്ങളോ ഇല്ല. വെളിച്ചക്കുറവ് മൂലം രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടം.