പാലക്കാട്: മുണ്ടൂരിൽ ഗൃഹനാഥനെ കൊന്ന് നാട്ടിൽ ഭീതിവിതച്ച് വിലസുന്ന കാട്ടാനകളെ മൂന്നാംദിനവും കാടുകയറ്റാനായില്ല. കാടുകയറാൻ കൂട്ടാക്കാത്ത രണ്ടു കാട്ടാനകൾ ഇന്നു പുലർച്ചെ മുതൽ പറളി റെയിൽവേ സ്റ്റേഷനുസമീപമുള്ള കടവത്തു പുഴയിലിറങ്ങിയിരിക്കുകയാണ്. പുലർച്ചെ മൂന്നുമുതൽ ആനകൾ ഈ ഭാഗത്തു നിലയുറപ്പിച്ചതായി നാട്ടുകാർ പറയുന്നു. പോലീസ്, വനംവകുപ്പ്, ദ്രുതകർമസേന വിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ആനകൾ മണിക്കൂറുകളോളമായിട്ടും പുഴയിൽനിന്നും കരയ്ക്കു കയറിയിട്ടില്ലാത്തത് ആശങ്ക വിതയ്ക്കുന്നു. ആനകളെ വന്ന വഴിയിലൂടെതന്നെ കാടുകയറ്റാനാണ് അധികൃതരുടെ ശ്രമം. ഇപ്പോൾ ആനകൾ നിൽക്കുന്നതിന്റെ നാലുവശവും ജനവാസ മേഖലയാണ്. സ്കൂളുകളും റെയിൽവേ സ്റ്റേഷനും മറ്റു സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതിനാൽ ഈ ഭാഗത്തുകൂടെ ആനകളെ തുരത്താനുമാവില്ല. പുഴയിലൂടെതന്നെ വന്ന ഭാഗത്തേക്ക് ആനകളെ തുരത്താനുള്ള ശ്രമമാണ് നടക്കുന്നത്.
പറളി പഞ്ചായത്തിലെ 17-ാം വാർഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കൊടുത്തിരിക്കുകയാണ്. ആനകൾ ഏതു നിമിഷവും ജനവാസമേഖലയിലേക്കു കയറുമെന്നതിനാൽ ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്. കെ.വി. വിജയദാസ് എംഎൽഎ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടൂരിൽ ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ആന ആക്രമിച്ചു കൊന്നത്. ഇതിനെതുടർന്ന് ഇന്നലെ മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ സിപിഎമ്മും കോണ്‍ഗ്രസും ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പറളി ഭാഗത്തേക്കു നീങ്ങുന്നതിനിടെ ആനകൾ റേഷൻകടയും വീട്ടുമതിലുകളും കൃഷികളും നശിപ്പിച്ചിരുന്നു.