കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ ഭൂമിശാസ്ത്രം വിഭാഗം അധ്യാപികയും മുൻ സിൻഡിക്കേറ്റംഗവുമായ ഡോ. ടി.എസ്.ലാൻസ് ലെറിനെ പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ അധ്യാപകനെതിരേ കർശനനടപടി സ്വീകരിക്കണമെന്ന് കെഎസ്യു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സർവകലാശാലയ്ക്ക് അകത്തുളള യൂണിയൻ ബാങ്കിൽവച്ച് സോഷ്യോളജി വിഭാഗം അധ്യാപകനായ ബിജു വിൻസെന്റ് പരസ്യമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ ബാങ്കിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ടീച്ചറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല അധികൃതർ ഉടൻ തന്നെ ആരോപണവിധേയനായ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും പരാതി പോലീസിന് കൈമാറി നിയമനടപടികൾ സ്വീകരിക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
കെഎസ്യു ഇത് സംബന്ധിച്ച പരാതി രജിസ്ട്രാർക്ക് നൽകുകയും ചെയ്തു. സർവകലാശാല ആസ്ഥാനത്ത് നടന്ന യോഗം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എം.വി. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആന്റണി പാലാട്ടി, മുൻ സിൻഡിക്കേറ്റ് അംഗം ലിന്റേ പി. ആന്റു, ആന്റോ ബേബി, പോൾ ജോവർ, ജോമോൻ പാറോക്കാരൻ, അൽഫോൻസ് തുടങ്ങിയവർ പ്രസംഗിച്ചു.