പാലക്കാട് : കോച്ച് ഫാക്ടറിക്കുവേണ്ടി അനിശ്ചിതകാല പ്രക്ഷോഭം നടത്തുവാൻ ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി തിരുമാനിച്ചു. 2012ൽ യു.പി.എ.സർക്കാർ തറക്കല്ലിട്ടതും പിന്നീട് യു.ഡി.എഫ്. സർക്കാർ സ്ഥലമേറ്റെടുത്ത് നല്കിയതുമായ പദ്ധതി ബി.ജെ.പി. സർക്കാർ അട്ടിമറിച്ചുവെന്ന് കോണ്ഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ നാല് വർഷമായി പലതരത്തിലുളള വാഗ്ദാനം നല്കി കേരളത്തോട് രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.ഇപ്പോൾ കോച്ച് ഫാക്ടറി ഉപേക്ഷിക്കാൻ തീരുമാനിച്ചതിലൂടെ രണ്ട് വർഷക്കാലമായി അധികാരത്തിലിരിക്കുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിച്ചത് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത് നല്കിയ സ്ഥലം കാട്പിടിച്ച് കിടക്കുകയാണ്.
ഒന്പത് വർഷം പിന്നിട്ട പാലക്കാട് എംപി കാഴ്ചക്കാരൻ മാത്രമായി മാറി.കേന്ദ്രസർക്കാരിന്റെ പകപോക്കലിനും സംസ്ഥാന സർക്കാരിന്റെ അനാസ്ഥതക്കും പാലക്കാട് എം.പി.യുടെ കെടുകാര്യസ്ഥതയ്ക്കും എതിരെ ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാംഘട്ടം കോച്ച് ഫാക്ടറി സമരം 23 ന് രാവിലെ 10 മണിക്ക് പുതുശ്ശേരി ജംഗ്ഷനിൽ നടത്തും.
സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും. ലോകസഭാ കോണ്ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.നേതൃയോഗത്തിൽ ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി.പ്രസിഡന്റുമാരായ വി.എസ്.വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, കെ.പി.സി.സി.സെക്രട്ടറി സി.ചന്ദ്രൻ, എ.ഐ.സി.സി.അംഗം കെ.എ.തുളസി, കെ.പി.സി.സി.നിർവ്വാഹകസമിതി അംഗങ്ങളായ വി.സി.കബീർ, കെ.എ.ചന്ദ്രൻ, പി.വി.രാജേഷ്, കെ.ഗോപിനാഥ്, ഡി.സി.സി.ഭാരവാഹകളായ ,കെ.എസ്.ബി.എ.തങ്ങൾ, സി.എച്ച്.ഷൗക്കത്തലി, എം.ആർ.രാമദാസ്, ഡോ.അർസലൻ നിസാം,കെ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.