ഇലക്ട്രിക് ബസ് കെഎസ്ആര്‍ടിസിയെ കരകയറ്റുമോ! പുത്തന്‍ പ്രതീക്ഷ നല്‍കി ആദ്യ രണ്ട് ദിവസത്തെ കളക്ഷനും ലാഭവും; ഇലക്ട്രിക് ബസ് സൂപ്പറെന്ന് നാട്ടുകാരും

ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 130 പൊതുമേഖാലസ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നത്, കെഎസ്ആര്‍ടിസിയാണ്. കാലങ്ങളായി, സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും, രക്ഷാധികാരികളായി പല മിടുക്കരും വന്നിട്ടും കെഎസ്ആര്‍ടിസിയുടെ അവസ്ഥയ്ക്ക് മാത്രം മാറ്റമൊന്നും വന്നില്ല.

എന്നാല്‍ കെഎസ്ആര്‍ടിസിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നുണ്ടായിരിക്കുന്നു. കെഎസ്ആര്‍ടിസി ഇക്കഴിഞ്ഞ ദിവസം നിരത്തിലിറക്കിയ ഇലക്ട്രിക് ബസ്. വെറും രണ്ട് ദിവസത്തെ സര്‍വ്വീസുകൊണ്ട് 14,115 രൂപയുടെ ലാഭമാണ് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് ഉണ്ടാക്കിയിരിക്കുന്നത്. 611 കിലോമീറ്ററിലെ സിറ്റി സര്‍വ്വീസിലൂടെയാണ് ഈ ലാഭം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതൊരു ശുഭസൂചനയാണ്.

പ്രതിദിനം ലാഭം 7000 രൂപയിലധികം നേടിയത് വന്‍ നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. കെഎസ്ആര്‍ടിസിയുടെ സാധാരണ ബസുകള്‍ പ്രതിദിനം 7422 രൂപ നഷ്ടത്തില്‍ ഓടുന്ന അവസരത്തിലാണ് ഇത്.

രണ്ട് ദിവസം കൊണ്ട് ഇ ബസിന്റെ മൊത്തം കളക്ഷന്‍ 38,406 രൂപയാണ്. ഈ ബസിലെ ജീവനക്കാരുടെ ശമ്പളയിനത്തില്‍ 17,640 രൂപയായിട്ടുണ്ട്. ഇതു കൂടാതെ കിലോമീറ്റര്‍ നിരക്കിലുളള ബസിന്റെ വാടകയും വൈദ്യുതി ചാര്‍ജും കെഎസ്ആര്‍ടിസിയാണ് വഹിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസിന്റെ അതേ നിരക്കാവും ഇ ബസിലും ഈടാക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മാതാ വായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെ നിര്‍മ്മിച്ച ഇലക്ട്രിക് ബസില്‍ 40 പുഷ്ബാക്ക് സീറ്റുകളും സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് കേരളത്തിലും പരീക്ഷണ സര്‍വീസ് നടത്തുന്നത്.

1.6 കോടി രൂപ ബസിനു വിലയുളളതിനാല്‍ ബസ് നേരിട്ട് വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്താണ് ഓടിക്കുന്നത്. കിലോമീറ്റര്‍ നിരക്കിലുളള ബസിന്റെ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും.

ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനിയാണു വഹിക്കുന്നത്. ഇ-ബസിന്റെ ബാറ്ററിചാര്‍ജാകുന്നതിന് നാലു മണിക്കൂര്‍ സമയം ആവശ്യമാണ്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം ബസ് ഓടും.

Related posts