ജ്വല്ലറികളില്‍ മോഷണം പതിവാക്കിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍, സീതത്തോട് സ്വദേശിനിയായ സുമിയാണ് പിടിയിലായത്. കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
സുമി മറ്റൊരു ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചത്. പിടിക്കപ്പെടുമ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞ് തടിയൂരുന്നതായിരുന്നു ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളാണിത്. കൊട്ടാരക്കരയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് നെടുവത്തൂരില്‍ താമസിക്കുന്ന സുമി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സീതത്തോട് സ്വദേശിനിയാണ് യുവതി. സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് മോഷണം. തൂക്കം കുറവുള്ള ചെറിയ ആഭരണങ്ങള്‍ മാത്രമേ മോഷ്ടിക്കുകയുള്ളു. പിടിക്കപെട്ടാല്‍ തെറ്റ് ഏറ്റുപറഞ്ഞ് സ്വര്‍ണ്ണം തിരികെ നല്‍കും. കേസില്‍നിന്ന് ഒഴിവാകാനാണ് ചെറിയ കളവ് നടത്തുന്നതെന്നാണ് യുവതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.