സൗരയുഥത്തില്‍ ചെന്നാലും അവിടെയൊരു മലയാളി കാണും എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഒട്ടുമിക്ക അവസരങ്ങളിലും അത് സത്യമായ കാര്യമാണെന്ന് തോന്നാറുമുണ്ട്. ഇപ്പോഴിതാ 21 ാം ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് വേദിയായ റഷ്യയിലും മലയാളി സാന്നിധ്യം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.
ബ്രസീല്‍- കോസ്റ്ററിക്കാ മത്സര വേദിയില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ താരമായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള തിരുവനന്തപുരം സ്വദേശികളായ നെവിന്, കിരണ്‍ എന്നിവരാണ് ഇന്ത്യന്‍ പതാകയുമായി സ്റ്റേഡിയത്തിലെത്തിയത്. ‘ഒരു നാള് ഞങ്ങളും വരും’ എന്ന ബാനറും ഉയര്‍ത്തിക്കാട്ടിയായിരുന്നു ലോകകപ്പില്‍ സ്വന്തം രാജ്യം കളിക്കുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ മലയാളികള്‍ ഒന്നടങ്കം ഇതേറ്റെടുത്തു. ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ റഷ്യയില്‍ നിന്ന് കണ്ടതില്‍ വച്ച് ഏറ്റവും നല്ല ചിത്രമെന്നാണ് മലയാളികള്‍ പലരും ചിത്രത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നത്.
2010 ല്‍ ഫിഫ ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു പിന്നിലായി 112ാം സ്ഥാനത്തു നിന്ന ഐസ്ലാന്‍ഡിന്റെ മത്സരം നടന്ന അതേദിവസമാണ് ഇന്ത്യന്‍ പതാകയുമേന്തി മലയാളികള്‍ സ്വന്തം രാജ്യത്തിന്റെ സാന്നിധ്യം അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇന്ന് ഐസ്ലാന്‍ഡ് 22-ാം സ്ഥാനക്കാരാണ്. ഇന്ത്യ 97 ാം സ്ഥാനത്തും. ബാനര്‍ പിടിച്ചുള്ള മലയാളികളുടെ ചിത്രത്തെ ഉള്‍പ്പെടുത്തി ധാരാളം പോസിറ്റീവ് ട്രോളുകളും ഇറങ്ങുന്നുണ്ട്.