ജലന്ദര്‍: ദുബായ്ക്കെന്നു പറഞ്ഞാണ് നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി മദ്രാസിലെത്തിച്ചത്. അത് സിനിമയാണെങ്കില്‍ അതിനു സമാനമായ അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ജലന്ദര്‍ സ്വദേശി രജന്‍സിംഗ് എന്ന മുപ്പതുകാരന് ആത്മഹത്യ ചെയ്തത്.
അമേരിക്കയില്‍ ജോലി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ട്രാവല്‍ ഏജന്റ് റഷ്യയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കടം വാങ്ങി 13 ലക്ഷം രൂപ ഏജന്റിന് നല്‍കുകയും ചെയ്തിരുന്നു.
അമേരിക്കയില്‍ എല്ലാം റെഡിയാണെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ആദ്യം റഷ്യയില്‍ ചെല്ലണമെന്നും ആദ്യത്തെ മൂന്നു മാസം അവിടെ നിന്ന ശേഷം അമേരിക്കയിലേയ്ക്ക് പോകാനാകുമെന്നും പറഞ്ഞു. റഷ്യയിലെത്തിയ രജന്‍ മൂന്ന് മാസം മോസ്കോയില്‍ ചിലവഴിച്ചെങ്കിലും അമേരിക്കയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല.
ഇതോടെ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി ഏജന്റിനെതിരേ കേസെടുത്തിട്ടുണ്ട്.