തലശേരി: കൊളവല്ലൂർ സ്റ്റേഷനിലെ എസ്ഐയുടെ വീട്ടിൽ കവർച്ച. കൊളവല്ലൂർ എസ്ഐ വിനോദ്കുമാറിന്റെ പെരുന്താറ്റിലെ സംഗീതിലാണ് കവർച്ച നടന്നത്. ഇന്നു രാവിലെ ആറിനും 6.30നും ഇടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു.
തുറന്നിട്ട വീട്ടിലെ അലമാരയില്‍ നിന്നും എസ്ഐ വിനോദ്കുമാറിന്റെ ഭാര്യ സുഭാഷിണിയുടെ അഞ്ചര പവന്റെ താലിമാലയും വളകളും മോതിരവും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വിനോദ്കുമാര്‍ കൊളവല്ലൂരില്‍ ഡ്യൂട്ടിലാണുണ്ടായിരുന്നത്.
രാവിലെ വീടിന്റെ വാതില്‍ തുറന്ന ശേഷം സുഭാഷിണി അടുക്കളയിൽ ചായ ഇടാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് രാവിലെ വീട്ടിൽ ആളുള്ളപ്പോള്‍ കവര്‍ച്ച നടന്നിട്ടുള്ളത്.സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ടൗണ്‍ സിഐ എം.പി.ആസാദ്, എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.