നന്മ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്ന, ഒറ്റപ്പെടുത്തുന്ന ആളുകളാണ് കൂടുതലും എന്നാണ് ചരിത്രം പോലും സാക്ഷ്യപ്പെടുത്തുന്നത്. നിരവധിയാളുകള്‍ ഉദാഹരണങ്ങളായി ലോകത്തിലുണ്ട്. ഈ തെറ്റായ പ്രവണതയ്ക്ക് പുതിയ ഇരയായി മാറിയിരിക്കുകയാണ്, വിദ്യാര്‍ഥി സ്‌നേഹത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ തമിഴ്‌നാട് തിരുവള്ളൂരിലെ യുവ അധ്യാപകന്‍.
ഏതാനും ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ് സ്ഥലം മാറ്റം കിട്ടിയ, ഭഗവാന്‍ എന്ന അധ്യാപകനെ വിട്ടു പിരിയാന്‍ സാധിക്കാത്ത കുട്ടികള്‍ അദ്ദേഹത്തെ സ്‌കൂളില്‍ തന്നെ പിടിച്ചു വയ്ക്കുന്നത്. എന്തുമാത്രം സ്‌നേഹം ആ കുട്ടികള്‍ക്ക് കൊടുത്തിട്ടായിരിക്കും അവര്‍ അദ്ദേഹത്തോട് അങ്ങനെ പെരുമാറുന്നതെന്ന് പറഞ്ഞ്, ലോകം മുഴുവന്‍ ആ അധ്യാപകനെ വാനോളം പുകഴ്ത്തുമ്പോള്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്താനാണ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതടക്കം അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തി. പ്രവര്‍ത്തി സമയങ്ങളില്‍ സ്‌കൂളിന് പുറത്ത് പോകരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ക്ക് ദൈവമായിരുന്ന ഭഗവാന്‍ മാഷിപ്പോള്‍ മേലുദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ്. പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. പഠിപ്പിക്കുന്നതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടെന്ന ശാസനയും.
ഇങ്ങനെ, ആ അധ്യാപകനെ മാനസികമായി തളര്‍ത്തിയ നിര്‍ദേശങ്ങളാണ് മേഖല വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയത്. വിദ്യാര്‍ഥി സ്‌നേഹത്തിന് മുന്നില്‍ തലകുനിച്ച് കരഞ്ഞ ഭഗവാന്‍ എന്ന അധ്യാപകനിപ്പോള്‍ മേലുദ്യോഗസ്ഥരുടെ ശിക്ഷയ്ക്ക് വിധേയനായിരിക്കുകയാണ്.
ദിവസേന നൂറുകണക്കിനാളുകളാണ് മേഖല വിദ്യാഭ്യാസ ഓഫീസും ജില്ലാ വിദ്യഭ്യാസ ഓഫീസിലും ഫോണ്‍ ചെയ്ത് ഭഗവാനെ ട്രാന്‍സ്ഫര്‍ ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത്. എ.ആര്‍.റഹ്മാനും ഋതിക് റോഷനും വരെ ഭഗവാന്‍ മാഷിന് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിരുന്നു.