വെപ്പിൻ: എളങ്കുന്നപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻപഞ്ചായത്ത് പ്രസിഡന്റും 22-ാം വാർഡംഗവുമായിരുന്നി വി.കെ. കൃഷ്ണന്റെ ആത്മഹത്യക്ക് കാരണമായവരുടെ പേരുകൾ സഹിതം മുളവുകാട് പോലീസിൽ പരാതി നൽകുമെന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഏഴാം വാർഡംഗം സി.ജി. ബിജു അറിയിച്ചു.
എന്നെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി. എന്റെ സമനിലയും തെറ്റി. എനിക്ക് ഇങ്ങനെ ചെയ്യാനെ കഴിയൂ എന്ന് കൃഷ്ണൻ ആത്മഹത്യക്കുറിപ്പിൽ വ്യക്തമായി എഴുതിയ സാഹചര്യത്തിൽ സിപിഎം ലോക്കൽ കമ്മിറ്റിയാണ് മരണത്തിനു ഉത്തരവാദിയെന്നാണ് സ്വതന്ത്രനായ ഏഴാം വാർഡംഗത്തിന്റെ ആരോപണം. എന്നാൽ വീട്ടുകാരോ മറ്റ് സംഘടനകളോ ഇതുവരെ പരാതികൾ നൽകിയിട്ടില്ല.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് വെറുതെ ഒരു അന്വേഷണം മാത്രമാണ് നടത്തുന്നതെന്നാണ് ബിജു പറയുന്നത്. ഈ സാഹചര്യത്തിലാണ് കാരണക്കാരായവരുടെ പേരുകൾ സഹിതം പരാതി നൽകുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഇതിനിടെ സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച് പരസ്യമായി രംഗത്തെത്തിയ ബിജുവിനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ രണ്ടുപേർ വധഭീഷണി മുഴക്കിയെന്നാരോപിച്ച് രണ്ടുദിവസം മുന്പ് ഞാറക്കൽ സിഐക്ക് നൽകിയ പരാതിയിൽ വിശദാംശങ്ങൾ അറിയാൻ പോലീസ് ഇന്ന് ബിജുവിനെ വിളിപ്പിച്ചിട്ടുണ്ട്. ഈ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
മുൻ പ്രസിഡന്റിന്റെ ആത്മഹത്യയുടെ അന്വേഷണത്തിന്റെ ഭാഗമായി മുളവുകാട് പോലീസ് ഇന്നലെ മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. തന്പി, വിമൽമിത്ര, പ്രസാദ് എന്നിവരാണ് ഇന്നലെ മുളവുകാട് പോലീസിൽ ഹാജരായി മൊഴി നൽകിയത്.
പതിവുപോലെ നടക്കുന്ന ചർച്ചകളും മറ്റുകാര്യങ്ങളും മാത്രമാണ് പത്താം തീയതിയിലെ ലോക്കൽ കമ്മിറ്റിയിൽ നടന്നതെന്നാണ് ഹാജരായ മൂവരും മൊഴി നൽകിയതെന്നാണ് സൂചന. ബാക്കി ഒന്പത് അംഗങ്ങളിൽ നിന്നുകൂടി വിവരം ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു. ആരോപണങ്ങൾ മുഴുവൻ കെട്ടിച്ചമച്ചതും, രാഷ്ട്രീയ വിരോധവും വ്യക്തിവൈരാഗ്യവും തീർക്കാനുമാണെന്നാണ് സിപിഎമ്മിന്റെ പക്ഷം.