പറവൂർ: ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ പുത്തൻവേലിക്കര സ്റ്റേഷൻകടവ് – വലിയ പഴന്പിള്ളിത്തുരുത്ത് പാലം നാളെ നാടിനു സമർപ്പിക്കും. രാവിലെ 9.30ന് പാലത്തിനു സമീപം ചേരുന്ന ചടങ്ങിൽ പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എംപി, എസ്. ശർമ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
2011 ഫെബ്രുവരി 26ന് എൽഡിഎഫ് ഭരണകാലത്താണു പാലത്തിനു തറക്കല്ലിട്ടത്. നിർമാണ കാലാവധി രണ്ടു വർഷമായിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായില്ല. അലൈൻമെന്റ് നിശ്ചയിക്കാത്തതും അപ്രോച്ച് റോഡിനു സ്ഥലമുടമകളിൽനിന്ന് അനുമതി ലഭിക്കാത്തതും നിർമാണം വൈകാൻ കാരണമായി.
സ്ഥലം വിട്ടുകിട്ടുന്നതിനായി പലവട്ടം ചർച്ചകൾ നടത്തിയതിന്റെ ഫലമായി 22 ഉടമകൾ മുൻകൂറായി സ്ഥലം വിട്ടുനൽകാൻ തയാറായിരുന്നു. ഇതു കാലതാമസം ഒഴിവാക്കാൻ ഏറെ സഹായിച്ചെന്ന് വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു. നിർമാണം ആരംഭിച്ചശേഷം കരാറുകാരനുണ്ടായ സാന്പത്തിക പ്രതിസന്ധിയും നിർമാണം മുടങ്ങാൻ കാരണമായി.
ജോലികൾ പുനരാരംഭിക്കുന്നതിനായി നിരവധി ചർച്ചകൾ കരാറുകാരനുമായി നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് കരാറുകാരൻ പാലം നിർമാണം ഉപേക്ഷിച്ചതോടെ രണ്ടാമതു കരാർ നല്കി. ഇതും കാലതാമസത്തിനു കാരണമായി. എസ്റ്റിമേറ്റ് തുക 21 കോടിയിൽ നിന്ന് 25 കോടിയായി ഉയർന്നു.
പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ ആരംഭിച്ചു. എന്നാൽ രണ്ടു പ്രാവശ്യം ടെൻഡർ ക്ഷണിച്ചിട്ടും ഏറ്റെടുക്കാൻ ആളുണ്ടായില്ല. തുടർന്നു 2014 ജനുവരി 16ന് വീണ്ടും മന്ത്രിസഭയുടെ അനുമതിയോടെ ക്വട്ടേഷൻ വാങ്ങി ടെൻഡർ തുക കൂട്ടി നൽകുകയായിരുന്നു. പ്രാദേശിക പ്രാധാന്യമുള്ള ഒരു പാലം നിർമാണത്തിനു രണ്ടു പ്രാവശ്യം മന്ത്രിസഭ ഇടപെട്ട സംഭവം ആദ്യമായിട്ടായിരിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.