മാറനല്ലൂര്‍: മാറനല്ലൂരില്‍ ചാരായ മാഫിയയുടെ സിനിമാ സ്റ്റൈല്‍ ആക്രമണത്തില്‍ കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസിലെ രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ 11.30 ഓടെ ആണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.
ആക്രമണത്തിൽ കാട്ടാക്കട എക്സൈസ് സിവില്‍ ഓഫീസര്‍മാരായ രജിത് (36), ജിതിഷ് (26) എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ആക്രമണത്തിനിരയായ ഉദ്യോഗസ്ഥരെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്യനാട് ഭാഗത്ത് നിന്നും മാറനല്ലൂര്‍ വഴി ചാരായം കടത്തുന്നതായി കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടര്‍ സന്തോഷ് കുമാറിന് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്.
മാറനല്ലൂര്‍ പ്രദേശത്തുകൂടി സംശയാസ്പദമായ നിലയില്‍ കടന്നു പോയ ബൈക്ക് എക്സൈസ് സിവില്‍ ഓഫീസർമാരായ രജിത്തും ,ജിതീഷും മൂലക്കോണം അക്ഷയ കേന്ദ്രത്തിനു സമീപത്തു വച്ച് തടഞ്ഞു നിറുത്തുകയായിരുന്നു. ഇതോടെയാണ് ബൈക്കിലുണ്ടായിരുന്ന ചാരായ കടത്ത് സംഘം ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
സംഘർഷത്തിനിടെ ഹെല്‍മെറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ നെഞ്ചിലും വയറ്റിലും മുതികിലും അക്രമികള്‍ മര്‍ദിച്ചു. പരിസരത്ത് ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനിടെ നിലത്തു വീണ ഉദ്യോഗസ്ഥരെ ആക്രമികൾ കടിച്ചും പരിക്കേൽപ്പിച്ചു.
സിനിമ സംഘട്ടനങ്ങളെ വെല്ലുന്ന തരത്തിലാണ് സംഭവങ്ങള്‍ നടന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമികളില്‍ ഒരാളെ പിടികൂടാനായെങ്കിലും ഇയാള്‍ ഷര്‍ട്ട് ഉൗരി രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും പുറകെ ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെങ്കിലും പിടികൂടാനായില്ല.
നെയ്യാറ്റിന്‍കര, കാട്ടാക്കട, ആര്യനാട് റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥര്‍ മാറനല്ലൂര്‍ പ്രദേശത്ത് അഞ്ചു ടീമായി നാട്ടുകാര്‍ക്കൊപ്പം മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
സ്ഥലത്ത് നിന്നും പ്രതികള്‍ ഉപേക്ഷിച്ച ബൈക്കും അഞ്ചു ലിറ്റര്‍ ചാരായവും പ്രതികളുടെ നാലോളം മൊബൈലുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചാമുണ്ടി ഉണ്ണി,സുധന് എന്നിവരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആര്യനാട് എക്സൈസ് സംഘത്തെ ആക്രമിച്ച അടുത്തിടെ ജയില്‍ വാസം കഴിഞ്ഞ ഇവര്‍ വീണ്ടും ചാരായ കടത്തു നടത്തി വരികയായിരുന്നു.