കൊല്ലം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദിച്ച സംഭവം ഒത്തുതീർപ്പിലേക്ക്. കെ. ബാലകൃഷ്ണപിള്ള മുൻകൈയെടുത്താണ് ശ്രമം. ബാലകൃഷ്ണപിള്ളയും എൻഎസ്എസും ചേർന്ന് യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തി. ഇക്കാര്യം യുവാവിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് മർദിച്ചത്. അനന്തകൃഷ്ണന്റെ അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. കേസിൽ ഷീന മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയും ചെയ്തു.
ഷീന മൊഴി ഉറച്ചുനിന്നാൽ ജാമ്യമില്ല വകുപ്പ് പ്രകാരം ഗണേഷിനെതിരെ കേസെടുക്കും. ഇതോടെയാണ് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നത്. അതേസമയം ഇതു സംബന്ധിച്ച വാർത്തകളോട് ഗണേഷ് കുമാറോ ബാലകൃഷ്ണപിള്ളയോ എൻഎസ്എസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.