മുക്കം: റിസ്വിൻ (റിച്ചുമോൻ)എന്ന ഏഴാം ക്ലാസുകാരൻ ഇക്കഴിഞ്ഞ റംസാൻ മാസത്തിൽ മുഴുവൻ നോമ്പും നോറ്റാൽ ഒരു ഗിയർ സൈക്കിൾ വാങ്ങിത്തരുമോയെന്ന് ചോദിച്ചപ്പോൾ പെരുന്നാൾ കഴിഞ്ഞ് സൈക്കിൾ വാങ്ങി നൽകാമെന്ന് ഉപ്പ അബ്ദുൽ ഗഫൂർ ഉറപ്പ് നൽകി .
അതിനിടയ്ക്കാണ് മലയോര മേഖലയിൽ ശക്തമായ ഉരുൾപൊട്ടലും വെള്ളപൊക്കവുമുണ്ടാവുന്നത്. ഈ സന്ദർഭത്തിൽ മുക്കം മണാശേരിയിലെ നിരാലംബരും പരസഹായമില്ലാതെ പ്രാഥമിക കൃത്യം പോലും ചെയ്യാൻ സാധിക്കാതെ അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കപ്പടച്ചാലിൽ ചന്ദ്രന്റേയും സഹോദരങ്ങളുടേയും പരിചരണത്തിനായി ഗഫൂറും മകനും അവിടെ എത്തുന്നത്.
സ്ഥിരമായി ഇവരെ പരിചരിച്ചിരുന്ന എന്റെ മുക്കം സന്നദ്ധ സേനയിൽ പെട്ടവർ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ ഈ സദ് പ്രവൃത്തി ഗഫൂർ ഏറ്റെടുക്കുകയായിരുന്നു. സഹായത്തിന് മകനേയും കൂട്ടി. ചന്ദ്രനെ പരിചരിക്കാൻ രണ്ടുപേർ നിർബന്ധമാണ്.
അത് കൊണ്ടാണ് ഗഫൂർ മകൻ റിച്ചുമോനെ കൂട്ടിയത്. ചന്ദ്രന്റെ കുടുംബത്തിന്റെ ഈ ദയനീയാവസ്ഥ ഈ കുഞ്ഞു മനസിനെ വല്ലാതെ വേദനിപ്പിച്ച് കഴിഞ്ഞിരുന്നു. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ റിച്ചുമോൻ പിതാവിനോട് തനിക്ക് സൈക്കിൾ വേണ്ടന്നും അതിന് ചിലവാകുന്ന പണം ചന്ദ്രന്റെ കുടുംബത്തിന് നൽകണമെന്നും പറഞ്ഞപ്പോൾ പിതാവിന്റെ കണ്ണു നിറഞ്ഞു.
ഇന്നലെ ചന്ദ്രന്റെ വീട്ടിലെത്തി റിച്ചു മോനും പിതാവ് അബ്ദുൽ ഗഫൂറും തുക ചന്ദ്രന്റെ കുടുംബത്തിന് കൈമാറി. എന്റെ മുക്കം സന്നദ്ധ സംഘടനാ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.