കോഴിക്കോട്: മഴക്കാലത്ത് റോഡുകളെല്ലാം അപകടക്കെണികളൊരുക്കി കാത്തിരിക്കുമ്പോഴും പരസ്യമായ നിയമലംഘനങ്ങള്‍ കൂടുന്നു. മോട്ടോര്‍ വാഹനവകുപ്പും ട്രാഫിക് പോലീസും അപകടങ്ങള്‍ കുറയ്ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കാര്യമായ ഫലം ഉണ്ടാകാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയവഴി ബോധവല്‍ക്കരണം നടത്തുകയാണ് സിറ്റി ട്രാഫികോ പോലീസ് .
മഴയത്ത് ബൈക്കില്‍ കുടചൂടി മാതാപിതാക്കളും കൊച്ചുകുട്ടിയും സഞ്ചരിക്കുന്ന ചിത്രമാണ് ട്രാഫിക് പോലീസ് ബോധവല്‍കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നത്. “പ്രിയതമയുടെയും കുട്ടിയുടെയും ജീവന് പണയപ്പെടുത്തി കുട നിവര്‍ത്തിയുള്ള യാത്ര എങ്ങോട്ട്, ഇവരെ എങ്ങിനെ ബോധവത്ക്കരിക്കും’ എന്ന ചോദ്യം ഉള്‍പ്പെടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റക്കാഴ്ചയില്‍ തന്നെ വരാനിരിക്കുന്ന വലിയ അപകടം മനസിലാക്കിതരുന്ന ചിത്രം ഇതിനകം നിരവധി പേര് ഷെയര്‍ ചെയ്തുകഴിഞ്ഞു.
ട്രാഫിക് അസി. കമ്മീഷണർമാരായ പി.കെ.രാജുവും എം.സി.ദേവസ്യയുമാണ് ഈ പ്രചാരണത്തിനു പിന്നിൽ. മഴക്കോട്ടുകള് ഉപയോഗിക്കാതെ കുട നിവര്‍ത്തി ബൈക്കില്‍ പോകുന്നത് പതിവുകാഴ്ചയായതോടെയാണ് ചിത്രം. നിസാരമായ കാറ്റുണ്ടായാല്പോലും ഈ യാത്ര അപകടത്തിന് വഴിയൊരുക്കും.
മഴയത്ത് കുടുംബസമേതം യാത്രചെയ്യുന്നവരെ പോലീസിന് തടഞ്ഞുനിര്‍ത്തുന്നതിനും പരിമിതിയുണ്ട്. മഴക്കാലത്ത് റോഡില്‍ ബ്രേക്കിട്ടാല്‍പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. ഇന്നലെ അറപ്പുഴപ്പാലത്തിനു സമീപം കനത്തമഴയില്‍ അമിതവേഗതയില്‍ എത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവവും ഉണ്ടായി. ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കനത്തമഴയത്ത് മൂന്നുപേര്‍ ബൈക്കില്‍ യാത്രചെയ്യുന്നതും വണ്‍വേ സംവിധാനങ്ങള്‍ തെറ്റിക്കുന്നതും സ്ഥിരം കാഴ്ചയാണ്.