കൂത്തുപറമ്പ്: കുറേക്കാലമായി ജാനു മനസിൽ കൊണ്ടു നടന്ന ഒരാഗ്രഹമുണ്ട്-കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീട്. എന്നാൽ അതിപ്പോഴും സ്വപ്നമായി നില്ക്കുകയാണ്. സ്നേഹ തണലിൽ കഴിയേണ്ട വാർധക്യം ദുരിതക്കയത്തിൽ എണ്ണിതീർക്കുകയാണ് ഈ വയോഘിക. മൂര്യാട് അയോധ്യാനഗർ ചുള്ളി ഭാഗത്തെ കാരായി ജാനു എന്ന എഴുപതുകാരിയാണു വാർധക്യത്തിൽ ദുരിത ജീവിതം നയിക്കുന്നത്.
നീണ്ടു നിവർന്നൊന്നു കിടക്കാൻ പോലുമാകാതെ ടാർപോളിംഗ് കൂരയ്ക്കുള്ളിലാണു കഴിഞ്ഞ മൂന്നു വർഷമായി ജാനുവിന്റെ ജീവിതം. ഇവരുടെ അവസ്ഥ ആരുടേയും കരളലിയിക്കുന്നതാണ്. നാലു ഭാഗം മരക്കമ്പിൽ കുത്തി നിർത്തിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാണ് അന്തിയുറക്കം.ഭക്ഷണം ഉണ്ടാക്കലും ഉറക്കവും അതിനുള്ളിൽ തന്നെ. ഇതിന്റെ ഉള്ളിൽ പാത്രങ്ങളും വിറകുകളുമെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്.
രാത്രിയായാൽ വെളിച്ചത്തിനു മെഴുകുതിരിയും. ശക്തിയായി ഒരു കാറ്റടിച്ചാൽ പറന്നുപോകുന്നതാണ് ഈ കൂര. ഏകാന്തതകളിൽ അയവിറക്കാൻ നിറമാർന്ന ഒരു ജീവിതമുണ്ടായിരുന്നു ജാനുവിന്. ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം കഴിഞ്ഞു വന്ന നല്ലൊരു വീടും ചുറ്റുപാടും.
പിന്നീട് ഭർത്താവ് മരിക്കുകയും ബന്ധുക്കൾ മറ്റിടങ്ങളിലേക്കു മാറുകയും ചെയ്തതോടെ മക്കളില്ലാത്ത ജാനു വീട്ടിൽ തനിച്ചായി. കൂലിപ്പണിയെടുത്തായിരുന്നു ജീവിച്ചു വന്നതെങ്കിലും പ്രായാധിക്യത്താൽ അതിനും കഴിയാതെ വന്നു. ഇതിനിടെ കാലപ്പഴക്കത്താൽ വീടും നാമാവശേഷമായി. ആ വീടുണ്ടായ സ്ഥലത്താണു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു കൂരകെട്ടിയത്. ഇപ്പോൾ ഈ കൂരയ്ക്കു ചുറ്റും കൊടും കാടാണ്. ഇഴജന്തുക്കൾ യഥേഷ്ടം ഉണ്ടാവും.
തനിച്ചു താമസിക്കേണ്ടെന്ന നിർദേശം മാനിച്ചു ചില ദിവസങ്ങളിൽ ജാനു പരിസരത്തെ വീടുകളിലേക്കു താമസം മാറ്റും.സ്വന്തമായി വീട് നിർമിക്കാൻ ജാനു ശ്രമം നടത്തിയിരുന്നു. എന്നാൽ ചില സാങ്കേതിക കുരുക്കുകളാണു വീട് ലഭ്യമാകാൻ ജാനുവിനു തടസമായതെന്നു പഞ്ചായത്തംഗം വാസു പറയുന്നു. വർഷങ്ങൾക്കു മുമ്പു വീടിനു വേണ്ടി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. അന്ന് അതു വേണ്ടെന്നു വച്ചു.
ഇപ്പോൾ ഏറ്റവും ഒടുവിലായി ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടു നിർമാണ അപേക്ഷ പാസായി ബാങ്ക് അക്കൗണ്ടൊക്കെ എടുത്തിരുന്നു. അപ്പോഴാണ് ഒറിജിനൽ ആധാരം ഇല്ലെന്നറിഞ്ഞത്. അതോടെ വീട് നിർമാണ പദ്ധതിയും തടസപ്പെട്ടു. പത്തു സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെന്നു കാണിച്ചായിരുന്നു അപേക്ഷ നല്കിയത്.
പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ പേരിൽ ഭൂമി ഇല്ലെന്നാണു മനസിലാക്കാൻ സാധിച്ചതെന്നു പഞ്ചായത്തംഗം പറയുന്നു. ഈ ഭൂമി ഭർത്താവിന്റെ പേരിലാണോ അതോ കൂട്ടവകാശമായിട്ടുള്ളതാണോ എന്ന കാര്യവും അറിയില്ല. അതേസമയം നേരത്തേ സ്വന്തമായി ഭൂമിയുണ്ടെന്നു ചൂണ്ടിക്കാട്ടി അപേക്ഷ നല്കിയതിനാൽ ഭൂമി ഇല്ലാത്തവർക്കു വീടുവെയ്ക്കാനുള്ള പദ്ധതിയിലും ജാനുവിനെ ഉൾപ്പെടുത്താനാകാതെ വന്നിരിക്കുകയാണ്.
ഈ സാങ്കേതിക തടസങ്ങൾ മറികടന്നാൽ മാത്രമേ ഈ വയോധികയ്ക്കു കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നം പൂവണിയുകയുള്ളൂ.സർക്കാരിന്റെ ക്ഷേമ പെൻഷൻ മാത്രമാണ് ഇപ്പോൾ ജാനുവിന്റെ ഏക ആശ്രയം.