ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡ് നടനും ആണ്സൂഹൃത്തുമായ നിക് ജോനാസിനെയും കൂട്ടി ഇന്ത്യയിൽ എത്തിയതായി വിവരം. വ്യാഴാഴ്ച രാത്രി ഇരുവരും മുംബൈയിൽ വിമാനമിറങ്ങിയതായാണ് വിവരം. പപ്പരാസികൾ ചിത്രങ്ങളെടുക്കാതിരിക്കാൻ മുഖം മറച്ച് മറ്റുള്ളവരുടെ കണ്ണിൽ പെട്ടെന്ന് പെടാത്ത രീതിയിലാണത്രേ ഇരുവരും വിമാനമിറങ്ങി കാറിൽ രക്ഷപ്പെട്ടത്.
അമ്മ മധു ചോപ്രയെ നിക് ജോനാസിനു പരിചയപ്പെടുത്താനാണ് പ്രിയങ്ക ചോപ്ര നിക് ജോനാസുമായി ഇന്ത്യയിലേക്ക് വന്നത്. നിക് ജോനാസിനെ അമ്മയ്ക്കു ബോധിച്ചാൽ ജോനാസുമായുള്ള ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രിയങ്കയുടെ തീരുമാനം.
ഇതോടൊപ്പം പ്രിയങ്കയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബോളിവുഡിലെ സിനിമാ സുഹൃത്തുക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന വലിയൊരു പാർട്ടിയാണ് പ്രിയങ്ക ഏർപ്പാടാക്കുന്നത്. ഈ പാർട്ടിയിൽ നിക് ജോനാസിനെ പ്രിയങ്ക പരിചയപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
അടുത്തിടെ നിക് ജോനാസിന്റെ കസിന്റെ വിവാഹത്തിനു ന്യൂ ജഴ്സിയിൽ പ്രിയങ്ക നിക് ജോനാസിനോടൊപ്പം പോയത് വാർത്തയായിരുന്നു. ഇതോടൊപ്പം നിക് ജോനാസിന്റെ പഴയകാല കാമുകിയും ഓസ്ട്രേലിയൻ ഗായികയുമായി ഡെൽറ്റയും നിക് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന വാദവുമായി രംഗത്തുവന്നിരുന്നു.
താനും നിക്കും അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അല്പകാലം പിണങ്ങിയിരുന്നു. ഈ പിണങ്ങിയ സമയത്താണ് പ്രിയങ്ക നിക്കിന്റെ മനസിൽ ഇടം നേടിയതെന്നും ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്രയുമായി മത്സരിക്കാൻ തനിക്കു ശേഷിയില്ലെന്നും ഡെൽറ്റ വ്യക്തമാക്കിയിരുന്നു. നിക് ജോനാസുമായുള്ള ബന്ധം ശക്തമായ രീതിയിൽ പ്രിയങ്ക മുന്നോട്ടു കൊണ്ടുപോകുകയാണ്. 35 വയസുള്ള പ്രിയങ്കയേക്കാൾ പത്തു വയസിന് ഇളയതാണ് നിക് ജോനാസ്.