കൊച്ചി/കരുമാലൂർ: എറണാകുളം കരുമാലൂരിൽ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചു. രണ്ടുപേരെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി.
കൈതാരം മുക്കുങ്കൽ ദീക്ഷിത് (17), കൈതാരം നെല്ലിപ്പിള്ളി നന്ദനത്തിൽ ദേവാനന്ദ് (19) എന്നിവരാണ് മരിച്ചത്. കൈതാരം സ്വദേശികളായ അക്ഷയ്രാജ് (17), രാഹുൽ (15) എന്നിവരും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. പറവൂരിനു സമീപം കരുമാലൂർ പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിന്റെ തീരത്ത് ബൈക്കുകളിലെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിൽ ദീക്ഷിത്, ദേവാനന്ദ്, അക്ഷയ് രാജ്, രാഹുൽ എന്നിവരാണു കുളിക്കാനിറങ്ങിയത്. ബാക്കി ആറുപേർ പുഴയുടെ തീരത്തിരുന്നു ബൈക്കുകൾ കഴുകുകയായിരുന്നു.
നാലുപേർ ഒഴുക്കിൽപ്പെട്ടതോടെ കരയിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിച്ച് ആളെക്കൂട്ടി. ഓടിയെത്തിയ സമീപവാസിയായ ഷിബുവും ഡേവി സും മുങ്ങിത്താഴുന്നവരുടെ ഇടയിലേക്ക് തെർമോകോൾ ഇട്ടുകൊടുത്തതോടെ രണ്ടുപേർ അതിൽപ്പിടിച്ച് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് രക്ഷാപ്രവർത്തന ത്തിനു കൂടുതൽപേർ എത്തിയെങ്കിലും അതിനുമുന്പേ ദീക്ഷിതും ദേവാനന്ദും ശക്തിയായ അടിയൊഴുക്കിൽപ്പെട്ട് പുഴയില്‍ മുങ്ങിത്താണിരുന്നു. സ്കൂബ ടീമും അഗ്നിസുരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല.
തുടർന്നു നേവിയുടെ മുങ്ങൽ വിദഗ്ധരെത്തി ലേസർ കാമറകൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൂത്തക്കുന്നം മാല്യങ്കര കോളജിലെ ഡിഗ്രി വിദ്യാർഥിയാണു ദേവനന്ദ്. സുരേഷ്-രാജേശ്വരി ദന്പതികളുടെ മകനാണ്. സഹോദരൻ ദേവനാഥ്. ചെറായി എസ്എൻഎം എച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയായ ദീക്ഷിത് ജോഷി-റെജി ദമ്പതികളുടെ മകനാണ്. സഹോദരി ശീതൾ.
മ ൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റൂറൽ എസ്പി രാഹുൽ ആർ. നായർ, ഡപ്യൂട്ടി കളക്ടർ പി.ഡി. ഷീലദേവി, തഹസിൽദാർ എം.എച്ച്. ഹരീഷ്, വി.ഡി. സതീശൻ എംഎൽഎ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ഇവിടെ അപകടം ഇതാദ്യമല്ല
കരുമാലൂർ: ഒട്ടേറെപ്പേർ ദിവസവും കുളിക്കാനും ചൂണ്ടയിടാനുമായി എത്തുന്ന റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം ഇതാദ്യമല്ല അപകടം. പലതവണ ആളുകൾ വെള്ളത്തിൽ വീണ് ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ യഥാസമയമുള്ള ഇടപെടൽകൊണ്ടു മാത്രമാണു പലപ്പോഴും മരണമൊഴിവാകുന്നത്.
എതാനും ദിവസം മുന്‍പ് അടുത്തുള്ള കോളജ് വിദ്യാർഥികൾ ഇവിടെ ചുഴിയിൽപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവിടെ എത്തുന്നവരോടു പുഴയിൽ ഇറങ്ങരുതെന്നു പ്രദേശവാസികൾ പറയാറുണ്ടെങ്കിലും ആരും ചെവിക്കൊള്ളാറില്ല. ദിനംപ്രതി അപകടങ്ങൾ നടക്കുന്ന മേഖലയായിട്ടും സുരക്ഷാവേലി കെട്ടിത്തിരിക്കാനോ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടുമില്ല.