കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം റോഡരികിലെ വൈദ്യുതി പോസ്റ്റിനു ചുവട്ടിൽ നിൽക്കുന്ന രീതിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഭാരത് ആശുപത്രി ഭാഗത്തേക്ക് പോകുന്ന ആസാദ് ലൈൻ റോഡ് തുടങ്ങുന്ന ഭാഗത്തെ വൈദ്യുതി പോസ്റ്റിനു ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത കട വരാന്തയിലാണ് ഇയാൾ അന്തിയുറങ്ങുന്നത്.
ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് വിവരം വെസ്റ്റ് പോലീസിൽ ആരോ വിളിച്ചറിയിച്ചത്. പുലർച്ചെ മൂന്നരയ്ക്ക് കൽപ്പക സൂപ്പർമാർക്കറ്റിനു മുന്നിലെ തട്ടുകടയിൽ നിന്ന് ഇയാൾ കാപ്പി കുടിക്കുന്നത് കണ്ടവരുണ്ട്. ഇയാൾ കിടക്കുന്ന കടത്തിണ്ണയിൽ തുണി വിരിച്ച നിലയിൽ കാണപ്പെട്ടു. കഴിച്ചതിന്റെ ബാക്കി ഒരു ബണ്ണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ആക്രികടയിൽ ജോലി ചെയ്തിരുന്നതായി പറയുന്നു.
കൈലിയും കളമുള്ള ഷർട്ടുമാണ് വേഷം. കൈലിയുടെ കര വലിച്ചുകീറി അത് കഴുത്തിലും മറ്റേയറ്റം വൈദ്യുതി പോസ്റ്റിൽ കയറുന്നതിന് ഘടിപ്പിച്ചിട്ടുള്ള ഇരുന്പു പാളിയിലുമാണ് കെട്ടിയിരിക്കുന്നത്. കാൽ നിലത്തു മുട്ടിയും മുട്ട് അൽപം മുന്നോട്ടു വളഞ്ഞുമാണ് നിൽക്കുന്നത്. വെസ്റ്റ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.