വിപണി വിശേഷം / കെ.ബി. ഉദയഭാനു
രാജ്യാന്തര റബർവിപണിയിലെ തളർച്ച ഇന്ത്യൻ മാർക്കറ്റിന്റെ മുന്നേറ്റത്തിനു തടസമായി. നാളികേരോത്പന്നങ്ങൾ വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് ശ്രമം തുടങ്ങും. കനത്ത മഴയും കീടബാധയും ഏലത്തോട്ടങ്ങളെ ബാധിച്ചു, ഉത്പാദനം 25 ശതമാനം വരെ കുറയാൻ സാധ്യത. രാജ്യാന്തരവിപണിയിൽ സ്വർണം ഡിസംബറിനു ശേഷമുള്ള താഴ്ന്ന നിലവാരം ദർശിച്ചു.
റബർ
ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടത്തിന്റെ ചുവടുപിടിച്ച് അവധിവ്യാപാരകേന്ദ്രങ്ങളിൽ റബറിന് തിരിച്ചടി നേരിട്ടു. വില്പനസമ്മർദവും നിക്ഷേപകരുടെ ലാഭമെടുപ്പും ടോക്കോമിൽ ഇരുപതു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേക്കു റബർവില ഇടിച്ചു. ഏഷ്യയിലെ ഒട്ടുമിക്ക വിപണികളും വാരമധ്യത്തിൽ ഇതുമൂലം സമ്മർദത്തിലായിരുന്നു. ടോക്കോമിൽ റബർവില 160 യെന്നിലേക്ക് ഇടിഞ്ഞത് നമ്മുടെ വിപണിയെയും തളർത്തി. സാങ്കേതികമായി ടോക്കോമിൽ റബർ ഓവർ സോൾഡ് മേഖലയിലാണ്. ഇതിനിടയിൽ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഷീറ്റിന്റെ നിരക്ക് ചാഞ്ചാടി.
സംസ്ഥാനത്ത് മഴ തുടരുന്നതിനാൽ ടാപ്പിംഗ് പൂർണമായി സ്തംഭിച്ചു. കാർഷികമേഖലയിൽ സ്റ്റോക്ക് ചുരുങ്ങിയതിനാൽ വിപണിയിൽ വരവ് നാമമാത്രമാണ്. റബറിന്റെ വിലത്തകർച്ച മൂലം വൻകിട തോട്ടങ്ങളിൽ റബർവെട്ട് നിലച്ചിട്ട് മാസങ്ങളായി. നാലാം ഗ്രേഡ് റബർ 12,600 രൂപയിലും അഞ്ചാം ഗ്രേഡ് 12,200 രൂപയിലുമാണ്.
നാളികേരം
നാളികേരോത്പന്നങ്ങൾക്ക് ഉയർന്ന നിലവാരത്തിൽ പിടിച്ചു നിൽക്കാനായില്ല. എണ്ണവിപണി തളർന്നത് കൊപ്ര ഉത്പാദകരിൽ ആശങ്കയുളവാക്കി. 17,300ൽനിന്ന് വെളിച്ചെണ്ണ 17,000ലേക്ക് താഴ്ന്നു. വൻകിട മില്ലുകാർ എണ്ണ റിലീസിംഗ് ശക്തമാക്കിയത് വിലയെ ബാധിച്ചു. കൊപ്ര വില 11,320 രൂപയാണ്. ഈ വാരം ആദ്യ പകുതിയിൽ നാളികേരോത്പന്നങ്ങളെ ബാധിച്ച തളർച്ച തുടരാമെങ്കിലും രണ്ടാം പകുതിയിൽ കരുത്ത് തിരിച്ചുപിടിക്കാൻ ശ്രമം നടത്താം. മാസാരംഭ ഡിമാൻഡ് ശക്തമായാൽ വ്യാപാരരംഗം സജീവമാകും.
ഏലം
കാലവർഷം കനത്തതോടെ ഏലത്തോട്ടങ്ങളിൽ വിളനാശം സംഭവിച്ചത് അടുത്ത സീസണിൽ ഉത്പാദനത്തെ ബാധിക്കും. ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും ഏലക്കൃഷിക്ക് നേരിട്ട തിരിച്ചടി കണക്കിലെടുത്തൽ ഉത്പാദനം 25 ശതമാനം വരെ കുറയാം. ഇതിനിടെ കീടബാധകളും കർഷകരുടെ ഉറക്കം കെടുത്തി. ഓഫ് സീസണായിട്ടും ഏലക്കവില ഉയരാത്തത് സ്റ്റോക്കിസ്റ്റുകളെ പിരിമുറുക്കത്തിലാക്കി. മാസമധ്യം കിലോ 1500 രൂപ വരെ വിലയുയർന്ന വലുപ്പം കൂടിയ ഇനങ്ങൾ പിന്നിട്ടവാരം 1250 റേഞ്ചിലാണ് നീങ്ങിയത്. ഏലത്തിന് ഉത്തരേന്ത്യൻ അന്വേഷണങ്ങളുണ്ട്.
കുരുമുളക്
കുരുമുളക് വിപണി ഒരു മാസമായി തളർച്ചയിലാണ്. ശ്രീലങ്കൻ മുളക് ആഭ്യന്തരവിപണി കൈപ്പിടിയിൽ ഒതുക്കുമെന്ന കണക്കുകൂട്ടലിലാണ് വ്യവസായികൾ. ഉത്സവകാല ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണത്തി നുള്ള തയാറെടുപ്പിലാണ് വൻകിട സ്റ്റോക്കിസ്റ്റുകൾ. മുളക് വൈകാതെ ഉയരുമെന്ന വിശ്വാസത്തിലാണ് കാർഷിക മേഖല. കൊച്ചിയിൽ ഗാർബിൾഡ് മുളക് 37,500 രൂപയിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽനിന്ന് മലബാർ മുളകിന് അന്വേഷണങ്ങളില്ല. ഇന്ത്യൻ നിരക്ക് ടണ്ണിന് 5800 ഡോളറാണ്.
സ്വർണം
ചിങ്ങം പിറക്കും മുന്പേ സ്വർണവില താഴ്ന്നത് വിവാഹപ്പാർട്ടികൾക്ക് ആശ്വാസമായി. പല കുടുംബങ്ങളും വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. കേരളത്തിൽ 22,880 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരാന്ത്യം 22,680 രൂപയിലാണ്. ഒരു ഗ്രാമിന്റെ വില 2835 രൂപ. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1279 ഡോളറിൽനിന്ന് 1269 ഡോളറായി.