തിരുവനന്തപുരം: സംസ്ഥാനത്ത് ഫോർമലിൻ കലർത്തിയ മത്സ്യം വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടികളുമായി ഫുഡ് സേഫ്ടി വിഭാഗം പരിശോധന ശക്തമാക്കാൻ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ നിർദേശാനുസരണമാണ് ഫുഡ് സേഫ്ടി വിഭാഗം കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. പാലക്കാട്ട് നാല് ടണ്‍ ചെമ്മീനിൽ ഫോർമലിൻ കലർത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്ടി വിഭാഗം മത്സ്യവും വാഹനവും പിടിച്ചെടുത്തിരുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഫോർമലിൻ കലർത്തിയ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്ന് ഫുഡ് സേഫ്ടി വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാടിന് പുറമെ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം ഫോർമലിൻ കലർത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു.
മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഫോർമാലിൻ. ഈ ലായനി മനുഷ്യ ശരീരത്തിനകത്ത് എത്തിയാൽ മാരകമായ രോഗങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധരും ഫുഡ് സേഫ്ടി വിദഗ്ധരും വ്യക്തമാക്കുന്നത്.
തലച്ചോറിന്റെ പ്രവർത്തനങ്ങളെയും കരൾ രോഗങ്ങൾക്കും ശ്വാസകോശ രോഗങ്ങൾക്കും ഫോർമലിൻ കാരണമാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന മത്സ്യവാഹനങ്ങൾ കർശന പരിശോധന നടത്താൻ സംസ്ഥാനത്തെ ഫുഡ് സേഫ്ടി അധികൃതർക്ക് ഫുഡ് സേഫ്ടി കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.