ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ നടക്കുന്നത് തീക്കളിയാണ്. കുട്ടികളുടെ ജീവൻ വച്ച് പന്താടുന്ന അവസ്ഥ. വൈദ്യുതി നിലച്ചാൽ തീവ്രപരിചരണ വിഭാഗം അടക്കം നിശ്ചലം. അതേ സമയം കൂടുതൽ മേഖലകളിൽ വൈദ്യുതി ലഭിക്കുന്ന ജനറേറ്റർ ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാതെ കുട്ടികളുടെ ജീവൻ വച്ചാണ് ആശുപത്രി അധികൃതരുടെ കളി.
കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി പോകുന്ന സമയത്ത് ഏർപ്പെടുത്തുന്ന പകരം സംവിധാനം അപര്യാപ്തമായതിനാൽ നവജാത ശിശുക്കൾക്കും പീഡിയാട്രിക് സർജറി കഴിഞ്ഞ് കിടത്തുന്ന തീവ്രപരിചരണ വിഭാഗത്തിലെ കുട്ടികൾക്കും ഗുരുതരമായ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി രക്ഷിതാക്കൾ പരാതിപ്പെടുന്നു.
ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലയ്ക്കുന്പോഴോ വോൾട്ടേജ് ക്ഷാമം ഉണ്ടാകുന്പോഴോ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ശസ്ത്രക്രിയ തിയറ്റർ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കേണ്ടത്.
എന്നാൽ വേണ്ടത്ര പവർ ഉള്ള ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നു എന്നാണ് പരാതി. തീവ്രപരിചരണ വിഭാഗത്തിൽ മുഴുവൻ സമയവും വൈദ്യുതി ലഭിക്കാത്തതിന്റെ കാരണം ഇതുതന്നെയെന്ന് ചില ഡോക്ടർമാരും പറയുന്നു.
സാധാരണ വൈദ്യുതി ബന്ധം തകരാറിലാകുന്പോൾ അഞ്ച് കെവി ശേഷിയുള്ള ജനറേറ്ററായിരുന്നു രണ്ടു തീവ്രപരിചരണ വിഭാഗത്തിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇത് പ്രവർത്തിപ്പിച്ചാലും ഐസിയു വേണ്ടത്ര വിധത്തിൽ പ്രവർത്തിക്കാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിപ്പിക്കാതിരുന്ന 168 കെവി പവർ ശേഷിയുള്ള ജനറേറ്റർ കുട്ടികളുടെ ആശുപത്രിയിലേക്ക് നല്കി.
എന്നാൽ ഈ ജനറേറ്റർ കുട്ടികളുടെ ആശുപത്രിയിൽ പ്രവർത്തിപ്പിക്കാതെ പുരാവസ്തു പോലെ സൂക്ഷിച്ച് വച്ചിരിക്കുകയാണ്. ഇതു പ്രവർത്തിപ്പിച്ചാൽ പ്രശ്നം തീരാവുന്നതേയുള്ളു. കഴിഞ്ഞ വർഷം കുട്ടികളുടെ ആശുപത്രിയിലെ തീ ്രപരിചരണ വിഭാഗത്തിൽ ദിവസേന മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന പരാതി മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. മരണത്തിന് അധികൃതർ മറ്റ് പല രോഗകാരണങ്ങളും പറഞ്ഞ് രക്ഷപ്പെടുകയാണ്.
എന്നാൽ ഇവിടെ കൊണ്ടുവന്ന് വച്ചിരിക്കുന്ന പവർ കൂടിയ ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ തീരാവുന്നതേയുള്ളൂ ഇവിടെയുള്ള വൈദ്യതി ക്ഷാമം. ഉത്തരവാദികളായവരെ കൊണ്ട് ജനറേറ്റർ പ്രവർത്തി പ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.