വളരെ അപ്രതീക്ഷിതമായി സിനിമയിലെത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ട താരമായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്. സിനിമാമോഹം തലയ്ക്കുപിടിച്ച താന്‍ പഠനവും ജോലിയുമെല്ലാമുപേക്ഷിച്ചാണ് കൊച്ചിയിലെത്തിയതെന്ന് പല അവസരങ്ങളിലും ഉണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ തേടിയെത്തിയ കാലത്ത് താന്‍ അനുഭവിച്ച ചില യാതനകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണിപ്പോള്‍ ഉണ്ണി മുകുന്ദന്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ…
‘എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.’ എന്നാല്‍ കാത്തിരിപ്പ്പ വെറുതെയായില്ല. ഉണ്ണി പറയുന്നു.