ആലപ്പുഴ: അനധികൃത സ്വർണ വ്യാപാരം വർധിക്കുന്നതു മൂലം നിയമവിധേയമായി വ്യാപാരം ചെയ്യുന്ന മേഖലയിൽ വ്യാപാരം കുറയുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയി പാലത്ര പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം വ്യാപാരം മൂലം കേന്ദ്ര സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട ആയിരംകോടിയുടെ നികുതി നഷ്ടംമാകുന്നതായും അദ്ദേഹം പറഞ്ഞു.
അനധികൃത വ്യാപാരം വർധിച്ചതുമൂലം സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വരുമാനം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.വി.ജെ. മണി അധ്യക്ഷത വഹിച്ചു. ഉയർന്ന മൂല്യങ്ങളിലുള്ള പണമിടപാടുകളെ സംബന്ധിച്ചും പുതിയ നിയമങ്ങളെ കുറിച്ചും ആദായ നികുതി ഇൻറലിജൻസ് വിഭാഗം ഓഫീസർ ആർ. രാധാകൃഷ്ണൻ ക്ലാസുകൾ നയിച്ചു.
ആദായ നികുതി വകുപ്പ് ഓഫീസർമാരായ കെ.പി. ഹരിദാസ്, സുരേഷ് കുമാർ, ആർ. സജി എന്നിവർ വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് നസീർ പുന്നക്കൽ, എ. മോഹൻ, കെ. നാസർ, എം.പി. ഗുരുദയാൽ എന്നിവർ പ്രസംഗിച്ചു.