സ്വന്തംലേഖകൻ
തൃശൂർ: ഇന്ത്യയിൽ ഗ്രാമീണ്‍ ബാങ്കുകൾക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്നും പാവങ്ങൾക്ക് വായ്പ നൽകുന്ന ഗ്രാമീണ്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും സ്വാശ്രയ ചെറുകിട വായ്പകളുടെ ഉപജ്ഞാതാവായ മുഹമ്മദ് യൂനസ്. ലുലു കണ്വൻഷൻ സെന്ററിൽ ഇസാഫ് സ്മോൾ ബാങ്ക് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ സാന്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള വാണിജ്യ ബാങ്കുകൾക്ക് സാധിക്കില്ല. പാവപ്പെട്ടവരുടെ സാന്പത്തിക ആവശ്യങ്ങൾക്കായി ഗ്രാമീണ്‍ ബാങ്കുകൾ വേണം. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഗ്രാമീണ്‍ ബാങ്കുകൾക്ക് പ്രവർത്തിക്കാനാകില്ല. പാവങ്ങൾക്ക് ചെറുകിട വായ്പ നൽകാൻ സന്നദ്ധ പ്രസ്ഥാനങ്ങൾ രംഗത്ത് വരാറുണ്ട്. എന്നാൽ അവർക്ക് അവരുടേതായ അജണ്ടകൾ ഉണ്ടാകും.
അജണ്ടകളില്ലാതെ പാവപ്പെട്ടവർക്ക് സ്വന്തം കാലിൽ നിൽക്കാൻ വായ്പ നൽകുകയാണ് ഗ്രാമീണ്‍ ബാങ്കുകൾ ചെയ്യുന്നത്. പാവങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾക്ക് താൽക്കാലിക അനുമതി മാത്രമേ നൽകാവൂ. രാജ്യത്തെ ദാരിദ്യ്രത്തിനുത്തരവാദികൾ പാവങ്ങളല്ല. നിലവിലുള്ള സംവിധാനത്തിന്റെ പിഴവുകൊണ്ടാണ് ദാരിദ്യ്രമുണ്ടാകുന്നത്. പാവങ്ങളല്ലാത്തവരാണ് അതിനുത്തരവാദികൾ. ദാരിദ്യ്രം നീക്കം ചെയ്യാൻ ഇവരാണ് മുൻകൈയെടുക്കേണ്ടത്.
എന്നാൽ നിലവിലുള്ള ബാങ്കുകളടക്കമുള്ള സംവിധാനങ്ങളും പ്രസ്ഥാനങ്ങളും സന്പന്നരുടെ സാന്പത്തിക ആവശ്യങ്ങൾക്ക് പരിഹിരാം കാണാൻ മാത്രമേ ശ്രമിക്കുന്നുള്ളൂ. ഗ്രാമീണ്‍ ബാങ്കുകൾ പ്രവർത്തിക്കുന്പോൾ ആ ഗ്രാമത്തിൽ ദാരിദ്ര്യം തുടച്ചുനീക്കപ്പെടും. തൊഴിലന്വേഷകരുണ്ടാകില്ല. എല്ലാവരും സ്വയം ജോലി ചെയ്യുന്നവരോ മറ്റുള്ളവർക്ക് നൽകുന്നവരോ ആകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം രൂപയുടെ അവാർഡ് മുഹമ്മദ് യൂനസിന് ഇസാഫ് സമ്മാനിച്ചു. മുഹമ്മദ് യൂനസ് രചിച്ച ’എ വേൾഡ് ഓഫ് ത്രീ സീറോസ് ദ ന്യൂ ഇക്കണോമിക് ഓഫ് സീറോ പോവർട്ടി, സീറോ അണ് എംപ്ലോയ്മെന്റ് ആൻഡ് സീറോ നെറ്റ് കാർബണ്‍ എമിഷൻ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തി. ഇസാഫിന്റെ 26-ാം വാർഷിക സുവനീറും പ്രകാശനം ചെയ്തു.
ഇസാഫ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കെ.പോൾ തോമസ്, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഇസാഫ് സാരഥികളായ മറീന പോൾ, ജേക്കബ് ശാമുവേൽ, പ്രഫ. എലിസബത്ത് ജോണ്‍, ആർ.പ്രഭ, ജോർജ് തോമസ്, അലോക് തോമസ് പോൾ, എമി അച്ചാ പോൾ, ഡോ. ഇടിച്ചെറിയ നൈനാൻ, ഹരിയാന ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജേന്ദ്രകുമാർ അനയത്ത്, കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.വി.പീറ്റർ, ഡോ. വി.എ.ജോസഫ്, രവി ഡിസി, കാത്തലിക് സിറിയൻ ബാങ്ക് ചെയർമാൻ എ.അനന്തരാമൻ, ജോജി കോശി വർഗീസ്, സാജു പോൾ, സജീവ് മഞ്ഞില തുടങ്ങിയവർ സന്നിഹിതരായിരുന്നു.