മംഗലംഡാം: കടൽമത്സ്യങ്ങൾ കേടുവരാതിരിക്കാൻ ഫോർമാലിൻപോലെയുള്ള മാരക വിഷവസ്തുക്കൾ ചേർക്കുന്നത് വ്യാപകമായതോടെ മംഗലംഡാം റിസർവോയറിലെ മത്സ്യങ്ങൾക്ക് വൻഡിമാന്റ്. ദിവസവും നിരവധിപേര്രാണ് മീൻവാങ്ങാൻ അതിരാവിലെ ഡാമിലെത്തുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുള്ളവർവരെ ഇവിടെ മീൻവാങ്ങാൻ എത്തുന്നുണ്ട്.
മംഗലംഡാമിലെ മത്സ്യങ്ങൾക്ക് സ്വാദും ഗുണവും കൂടുതലാണെന്നതും ഡിമാന്റിനു കാരണമാണ്. ചില ദിവസങ്ങളിൽ അരലക്ഷത്തിൽപരം രൂപയുടെ മത്സ്യകച്ചവടം ഡാമിൽ നടക്കുന്നു്. കട്ട്ള, രോഹു, മുഗാല, സൈപ്രസ് തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതൽ. ഒന്നരകിലോ മുതൽ പതിനൊന്നു കിലോവരെ തൂക്കംവരുന്ന കട്ട്ള മത്സ്യം കിട്ടുന്നുണ്ടെന്ന് ഡാമിലെ മത്സ്യം വളർത്തൽപദ്ധതിക്ക് നേതൃത്വം നല്കുന്ന സംഘം പ്രസിഡന്റ് ചന്ദ്രൻ പറഞ്ഞു.
കിലോയ്ക്ക് 120 രൂപാണ് കട്ട്ള, രോഹു തുടങ്ങിയ മത്സ്യങ്ങളുടെ വില. രണ്ടുവർഷം പ്രായമായ കട്ട്ള മത്സ്യം 14 കിലോവരെ തൂക്കം വരാറുണ്ട്. ഈവർഷം 25 ലക്ഷം മത്സ്യക്കുഞ്ഞുളെയാണ് മലന്പുഴയിൽനിന്നും സ്പോണ് കൊണ്ടുവന്ന് വളർത്തി റിസർവോയറിൽ നിക്ഷേപിക്കുന്നത്.
കൃത്രിമത്വമില്ലാത്ത ഏറ്റവും ഫ്രഷ് മത്സ്യമെന്ന നിലയിൽ നാടൻ മത്സ്യങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ കൂടുതൽ. ട്രോളിംഗ് നിരോധനമുണ്ടായിട്ടും കടകളിലെല്ലാം കടൽമത്സ്യങ്ങൾ കുന്നുകൂട്ടിയാണ് വില്പനയ്ക്കു വയ്ക്കുന്നത്.
ഇത്തരത്തിൽ വലിയതോതിൽ എവിടെനിന്നും മത്സ്യംവരുന്നുവെന്നത് അന്വേഷണ വിധേയമാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും മത്സ്യ- മാംസകടകളിൽ മിന്നൽ പരിശോധന നടത്തി ഹാനികരമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് വില്പനക്കാർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.ഇതിനു വഴിവിട്ട നടപടികൾക്ക് കീഴപ്പെടാത്ത ഉദ്യോഗസ്ഥരെ പരിശോധനകൾക്ക് നിയോഗിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.