കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നടപടിയില്‍ പ്രതിഷേധവുമായി നടി രഞ്ജിനി രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര് മാറ്റണമെന്നും ഇത് മലയാളസിനിമയിലെ പുരുഷാധിപത്യ പ്രവണതയുടെ തെളിവാണെന്നും രഞ്ജിനി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം. താരസംഘടനയുടെ നിലപാടിനെതിരെ ഡബ്ലുസിസിയും പരസ്യമായി രംഗത്തെത്തിയിരുന്നു.
രഞ്ജിനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
നിയമാവലികള്‍ക്കനുസരിച്ച് അഭിനേതാക്കള്‍ക്കുവേണ്ടി വാദിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി?. താരസംഘടനയുടെ പേരിന്റെ ചുരുക്കെഴുത്തായി ‘അമ്മ’യെന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമാണിത്.
ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല, മറിച്ച് സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ പ്രവണതകളിലേക്കുള്ള ചൂണ്ടുപലകയാണ്. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ത്തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?