എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഫോർമാലിൻ കലർന്ന മത്സ്യം വിൽക്കുന്നത് വ്യാപകമായി കണ്ടെത്തിയ സ്ഥിതിയ്ക്ക് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അന്യ സംസ്ഥാനത്തു നിന്ന് സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന മുഴുവൻ മത്സ്യങ്ങളും ചെക്കുപോസ്റ്റുകളിൽ പരിശോധന നടത്തി ഫോർമാലിൻ കലർന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം സംസ്ഥാനത്തേയക്ക് കടത്തിവിട്ടാൽ മതിയെനന്നാണ് നിർദ്ദേശം.
ഫോർമാലിൻ കലർന്ന മത്സ്യം കൊണ്ടുവരുന്നവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് തൽക്കാലം നിർവാഹമില്ല. ഈ സാഹചര്യത്തിൽ ഇവിടെ വിൽക്കാൻ അനുവദിക്കാതെ തിരികെ കയറ്റിവിടാനാണ് നിർദ്ദേശം. ഫുഡ് സേഫ്റ്റി വിഭാഗത്തിന് പുറമേ തദ്ദേശ സ്വയംഭരണ വകുപ്പിനും പരിശോധന നിർദ്ദേശം നൽകും.
കോർപറേഷനിലെ ആരോഗ്യവിഭാഗവും പ്രധാന മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തും. ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ കൊണ്ടുവന്നതായി പരിശോധനയിൽ കൂടുതൽ കണ്ടെത്തിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യ വാഹനങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതേക്കുറിച്ച് ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ഷൈലജ വിളിച്ചു ചേർക്കും. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. സംസ്ഥാനത്തെ എല്ലാ ചെക്കുപോസ്റ്റുകളിലുംപ്രത്യേക പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷ വിഭാഗത്തോടും നിർദ്ദേശം മന്ത്രി ഇതിനകം നൽകിയിട്ടുണ്ട്.