ബിജോ ടോമി
കൊച്ചി: മത്സ്യങ്ങളിൽ കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള സംവിധാനം കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കാനൊരുങ്ങി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). ഒരു മാസത്തിനുള്ളിൽ ടെസ്റ്റിംഗ് കിറ്റുകൾ പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങും. ഒരു ടെസ്റ്റിനു രണ്ടു രൂപ മാത്രമേ ചെലവാകൂ.
മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തുന്നതിനാണു കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്റ്റ് പേപ്പർ സ്ട്രിപ്പ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശോക് കുമാർ പറഞ്ഞു. ടെസ്റ്റിംഗ് കിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനു മുംബൈയിലെ ഒരു കന്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടും.
കിറ്റിലെ ചെറിയ സ്ട്രിപ്പ് മീനിൽ അമർത്തിയശേഷം അതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം. നിറവ്യത്യാസം നോക്കി മായം ചേർക്കൽ തിരിച്ചറിയാനാവും. ഫോർമലിൻ, അമോണിയ എന്നിവ കണ്ടെത്താൻ രണ്ടു കിറ്റുകളാണുണ്ടാവുക. ഒരു കിറ്റിൽ 100 സ്ട്രിപ്പുകളുണ്ടാകും. ഇപ്പോ ൾ ഇത്തരം പരിശോധനകൾക്ക് രണ്ടായിരം രൂപ വരെ ചെലവുണ്ട്.
സിഫ്റ്റിൽ വലിയ അളവിൽ കിറ്റുകൾ നിർമിച്ചു നൽകുന്നതിന് പരിമിതികളുള്ളതിനാലാണു സ്വകാര്യകന്പനിക്കു കരാർ നൽകുന്നത്. സർക്കാർ ഏജൻസികൾക്കും മറ്റും ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകൾ മാത്രമാണ് സിഫ്റ്റ് ലഭ്യമാക്കുന്നത്. സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും അടുത്തിടെ നടത്തിയ പരിശോധനകളിൽ ഈ ടെസ്റ്റ് കിറ്റാണ് ഉപയോഗിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് സിഫ്റ്റിന്റെ പേപ്പർ സ്ട്രിപ് സാങ്കേതിക വിദ്യ ഡൽഹിയിൽ അവതരിപ്പിച്ചത്. ഫെബ്രുവരിയിൽ തിരുവനന്തപുരം പാളയം മാർക്കറ്റിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നു വലിയ അളവിൽ മാരക രാസവസ്തുക്കൾ കലർത്തിയ മത്സ്യങ്ങൾ കേരളത്തിലേക്കു എത്തുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ മൂന്നാം ഘട്ട പരിശോധനയിൽ ഫോർമലിൻ കലർന്ന 6,000 കിലോ ചെമ്മീൻ പിടികൂടിയിരുന്നു. മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക.