ചേർത്തല : കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി നർക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെന്നെയിലും മറ്റൊരു സംഘം ബാംഗളൂരിലും എത്തി. കാണാതായ കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭൻ എംബിഎ പഠനം നടത്തിയത് ബാംഗളുരിലാണ്.
കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ഇവിടെ പഠിക്കുകയും പിന്നീട് ചെന്നെയിലെ സ്വകാര്യ കന്പിനിയിൽ ജോലി ചെയ്തിട്ടുമുണ്ട്. ഇവിടങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിന്ദുവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങൾ പോലീസ് തേടുന്നുണ്ട്.
ഇതോടൊപ്പം കേസിലെ പ്രതികളുടെ മൊബൈൽ ഫോണ് കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബിന്ദുവിന്റെ തിരോധാനവും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.ബിന്ദുവിന്റെ തിരോധാനം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയും വ്യാജരേഖ ചമയ്ക്കൽ ചേർത്തല ഡിവൈഎസ്പിയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ ടീമുമാണുള്ളത്.
വ്യാജരേഖ ചമച്ച് വസ്തു വിൽപന നടത്തിയ കേസിൽ രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.