മാഹി: മാഹി ദേശീയപാതയിലെ തടസങ്ങൾ കാരണം കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകൾക്ക് മാഹി കടക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കാണ് മാഹി അതിർത്തിയായ അഴിയൂരിൽ പോലീസ് സുരക്ഷിതത്വത്തിൽ രണ്ട് കണ്ടെയ്നറുകൾ എത്തിയത്. മാഹി ഭാഗത്തെ പൂഴിത്തല മുതൽ മാഹി പാലം വരെയുള്ള റോഡിലെ തടസങ്ങൾ ലോറി ജീവനക്കാർ മാഹി പോലീസിനെ അറിയിച്ചെങ്കിലും തടസങ്ങൾ നീങ്ങിക്കിട്ടാത്തതിനാൽ ഇന്നലെ രാത്രി മാഹി വിടേണ്ട ലോറി പാതി വഴിയിൽ തന്നെ കിടക്കുകയാണ്
മാഹി ദേശീയ പാതയിലെ സ്റ്റാച്യു ജംഗ്ഷന് സമീപം ജെ.എൻ- ഹയർ സെക്കൻഡറി വിദ്യാലയത്തിന് മുന്നിലെ നടപ്പാതയുടെ കൈവരികൾ പൊളിച്ചു മാറ്റുകയും, സമീപം തന്നെയുള്ള ഒരു വൈദ്യുതി തൂണും നീക്കം ചെയ്താൽ മാത്രമെ ലോറികൾക്ക് കടന്നു പോകുവാൻ പറ്റുകയുള്ളു എന്ന് ലോറി ജീവനക്കാർ രണ്ട് ദിവസങ്ങളിലായി അധികൃതരെ അറിയിച്ചിരുന്നു. ജീവനക്കാർ മാഹിയിലെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. മാഹി പോലിസ് പച്ചക്കൊടി കാട്ടിയെങ്കിലും പൊതുമരാമത്ത് വകുപ്പും, വൈദ്യുതി വകുപ്പും അനാസ്ഥ കാട്ടുകയാണ്.
എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ ഏഴിമല നാവിക അക്കാഡമിയിലേക്ക് ഇതു പോലെ രണ്ട് കണ്ടെയ്നറുകൾ എത്തിയപ്പോൾ ഈ കൈവരികൾ പെട്ടെന്ന് തന്നെ നീക്കം ചെയതു കൊടുത്തിരുന്നു. അന്ന് ലോറിക്ക് മുന്നിൽ സഞ്ചരിക്കുന്ന സ്ക്വാഡ് വാഹനത്തിലെ ജീവനക്കാരുടെ സഹായത്തോടെ മാഹി പൊതുമരാമത്ത് വകുപ്പ് പൊളിച്ച് മാറ്റി യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ മാഹിയിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജീവനക്കാർ ഇല്ലാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇന്ന് ലോറി ജീവനക്കാരും, മുന്നിൽ സഞ്ചരിക്കുന്ന സ്ക്വാഡ് വണ്ടിയിലെ ജീവനക്കാരും മാഹി റീജിയണൽ അഡ്മിനിസ്ട്രറ്റർക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവൃത്തിക്ക് സാധനങ്ങൾ ഉടൻ എത്തുകയും വേണം. കഴിഞ്ഞ മേയ് ഏഴിനാണ് എയ്റോ ബ്രിഡ്ജുമായി രണ്ട് കണ്ടെയ്നറുകൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടത്.