തിരുവനന്തപുരം: തുടർച്ചയായ വിവാദങ്ങളുടെ പേരിൽ പോലീസിന് വീണ്ടും മുഖ്യമന്ത്രിയുടെ താക്കീത്. പോലീസ് സേനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉത്തതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ്പിമാർ മുതലുള്ള എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മുന്നിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
കേസ് അന്വേഷണങ്ങൾക്ക് മേലുദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കേരളത്തിൽ പോലീസ് അതിനൊത്ത് മാത്രമേ പ്രവർത്തിക്കാവൂ. ചട്ടങ്ങൾ അനുസരിച്ച് വേണം പോലീസ് പ്രവർത്തിക്കാനെന്നും ദാസ്യപ്പണി മുൻനിർത്തി വന്ന പത്രവാർത്തകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു മണിക്കൂറോളം സമയമാണ് പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം മുഖ്യമന്ത്രി ചിലവഴിച്ചത്. വരാപ്പുഴ കസ്റ്റഡി മരണവും കെവിൻ വധക്കേസും പോലീസിലെ ദാസ്യപ്പണിയും തുടങ്ങി നിരവധി വിവാദങ്ങൾ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കാണാൻ തീരുമാനിച്ചത്. തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന പോലീസുകാരെ സംരക്ഷിക്കില്ലെന്ന സൂചനയും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.