ചാലക്കുടി: താലൂക്ക് ആശുപത്രി റോഡിലൂടെയുള്ള യാത്ര ദുരിതമായി. ആശുപത്രി റോഡും പാലസ് റോഡും കുണ്ടുംകുഴിയുമായി മാറിയിരിക്കുകയാണ്. നേരത്തെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് കുഴിച്ചതുമൂലം റോഡ് മുഴുവൻ തകർന്നു കിടക്കുകയാണ്.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിനുശേഷം പൈപ്പിനുവേണ്ടിയെടുത്ത കുഴികൾക്കു മുകളിൽ മെറ്റലിട്ട് നിരത്തിയെങ്കിലും മഴ വന്നതോടെ മെറ്റലിളകി റോഡിന്റെ പലഭാഗത്തും പരന്നു കിടക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങൾക്കും മറ്റും അപകടങ്ങൾ സംഭവിക്കുന്നു.
താലൂക്ക് ആശുപത്രി റോഡ് മികച്ച രീതിയിൽ ടാർ ചെയ്യുന്നതിനു ബി.ഡി.ദേവസി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഒരുകോടി 18 ലക്ഷം രൂപ അനുവദിച്ചതായിരുന്നു. റോഡിന്റെ നിർമാണത്തിനുള്ള ടെണ്ടറും കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പഴയ പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് നിർമാണം നിർത്തിവച്ചു. മാസങ്ങൾക്കുശേഷം പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
എന്നീട്ടും റോഡ് പണി ആരംഭിച്ചില്ല. പൈപ്പു മാറ്റാൻ റോഡ് പൊളിച്ചത് അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ട ഫണ്ട് നഗരസഭ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം. ഒടുവിൽ ഫണ്ട് അനുവദിച്ചപ്പോഴേക്കും മാസങ്ങൾ കടന്നുപോയി. അപ്പോഴേക്കും മഴ എത്തിയതോടെ നിർമാണം അനിശ്ചിതാവസ്ഥയിലായി.