വടക്കഞ്ചേരി: തൃശൂർ കുരിയച്ചിറയിലെ കല്യാണമണ്ഡപത്തിൽനിന്നും കാമറ ലെൻസുകൾ മോഷ്ടിച്ച മധ്യവയസ്കനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ചിയ്യാരം പാലിയേക്കര നെൽസ (54) നെയാണ് എസ്ഐ മുഹമ്മദ് കാസിം, എഎസ് ഐ ഉണ്ണി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കുരിയച്ചിറയിലെ ലീ ഗ്രാന്റ് കല്യാണമണ്ഡപത്തിൽനിന്നാണ് ലെൻസുകൾ അടങ്ങിയ ബാഗ് മോഷ്ടിച്ചത്. കല്യാണങ്ങൾ ഉണ്ടാകുന്പോൾ പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ മണ്ഡപത്തിൽപോയി ഭക്ഷണം കഴിച്ചുവരാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ മേയ് 19ന് മണ്ഡപത്തിൽപോയി തിരിച്ചുപോരുന്പോൾ അവിടെ ഇരുന്ന ബാഗും കൈയിലെടുക്കുകയായിരുന്നു.
ഫോട്ടോഗ്രാഫർമാർ ഫോട്ടോ എടുക്കുന്നതിനിടെയാണ് സമീപത്ത് വച്ച ബാഗ് കവർന്നത്. ഒരുലക്ഷത്തോളം രൂപ വിലയുള്ളതാണ് കാമറ ലെൻസുകൾ. ഇത് വില്‍ക്കാനാണ് ഇയാൾ വടക്കഞ്ചേരിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ടൗണിൽ ആരതിക്കു മുന്നിലെ എടിഎമ്മിനുസമീപം കറങ്ങുന്നതിനിടെയാണ് പിടിയിലായത്. മോഷണം നടന്നത് തൃശൂർ നെടുപുഴ സ്റ്റേഷൻ പരിധിയിലായതിനാൽ കേസിന്റെ തുടർനടപടികൾ നെടുപുഴയിലേക്കു കൈമാറുമെന്ന് പോലീസ് പറഞ്ഞു.